'അക്രമിച്ചവരെപ്പോലും ചേര്‍ത്തുനിര്‍ത്തി': ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കോടിയേരി

Update: 2024-07-18 06:24 GMT

എത്രയേറെ അക്രമിക്കപ്പെട്ടാലും അക്രമിച്ചവരെ ചേർത്ത് പിടിച്ച് പോകാൻ സാധിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം കാണിച്ചു തന്ന വ്യക്തികളായിരുന്നു ഉമ്മൻ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനുമെന്ന് ബിനീഷ് കോടിയേരി.

ജനമനസ്സുകളിൽ അടയാളപ്പെടുത്തിയ നേതാക്കളെ വിസ്മൃതിയിലേക്ക് പോകാൻ ജനങ്ങൾ സമ്മിക്കില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴും ഉമ്മൻ ചാണ്ടിയുടെ സ്മാരകത്തിലേക്ക് എത്തുന്ന ജനവും അദ്ദേഹത്തോടുള്ള സ്നേഹവുമെന്ന് ബിനീഷ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സമാനതകൾ ഏറെയുള്ള നേതാക്കളായിരുന്നു എന്‍റെ അച്ഛനും ഉമ്മൻ ചാണ്ടി അങ്കിളും. വ്യക്തിപരമായി അക്രമിക്കപ്പെട്ടപ്പോഴും, അക്രമികളെ ചേർത്തുനിർത്തിയ ആളുകളായിരുന്നു ഇരുവരും. ഉമ്മൻ ചാണ്ടി അങ്കിളിന്റെ കുടുംബം ഞങ്ങളുടെ കുടുംബവുമായി അത്രയേറെ ബന്ധപ്പെട്ട് നിൽക്കുകയാണ്. അത് അച്ഛനും ഉമ്മൻ ചാണ്ടി അങ്കിളും തമ്മിലുള്ള വലിയൊരു അടുപ്പത്തിന്റെ ബന്ധമാണ്.

രണ്ടുപേരുടേയും ജീവിതം നോക്കുമ്പോൾ അത്രയേറെ വ്യക്തിപരമായി അക്രമിക്കപ്പെട്ട രണ്ട് നേതാക്കളാണ്. വ്യക്തിപരമായി അക്രമണങ്ങൾ നേരിടുമ്പോഴും ആക്രമിക്കുന്നവരോട് വളരെ സൗഹാർദ്ദപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കുകയും ചിരിയിലൂടെ അവരെ കൂടി ചേർത്ത് നിർത്തുകയും ചെയ്ത രണ്ടു നേതാക്കളായിരുന്നു രണ്ടുപേരും. ആളുകൾ മനസ്സിലാക്കപ്പെടേണ്ട രണ്ടു ജീവിതങ്ങളാണ്'- ബിനീഷ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്ന് പറഞ്ഞ ബിനീഷ് ചാണ്ടി ഉമ്മനുമായി സൗഹൃദവും അത്തരത്തിൽ തന്നെയാണെന്നും കൂട്ടിച്ചേർത്തു. കേരളവും മലയാളിയും ഉള്ളിടത്തോളം കാലം ഉമ്മൻ ചാണ്ടി ഓർമ്മിക്കപ്പെടുമെന്നും ബിനീഷ് പറഞ്ഞു.

രാഷ്ട്രീയ നിലപാടുകൾ കൃത്യമായി പറഞ്ഞുപോകുകയും അതോടൊപ്പം ഏറ്റവും നല്ല അടുപ്പം കാത്തു സൂക്ഷിക്കാൻ അവർക്ക് പറ്റിയിട്ടുണ്ട്. അത്തരത്തിലുള്ള രാഷ്ട്രീയ അന്തരീക്ഷമാണ് നമ്മൾ വളർത്തിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News