എസ്‌ഐയുടെ ആത്മഹത്യ; പിന്നിൽ സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

Update: 2024-05-05 05:48 GMT

കാസർകോട് ബേഡകം എസ്‌ഐ വിജയന്റെ ആത്മഹത്യയ്ക്ക് പിന്നിൽ സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദമാണെന്ന് കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പീഡനകേസ് എടുക്കാൻ എസ്‌ഐക്കുമേൽ സമ്മർദമുണ്ടായി എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

പൊലീസ് ക്വാർട്ടേഴ്‌സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്‌ഐ ഇന്നലെയാണ് മരിച്ചത്. കാസർകോട് ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വിജയനെയാണ് കഴിഞ്ഞ തിങ്കളാഴ്ച വിഷം കഴിച്ച നിലയിൽ ക്വാർട്ടേഴ്‌സിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി.

ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാണ് വിഷം കഴിക്കാൻ കാരണമെന്ന് ഇദ്ദേഹം മൊഴി നൽകിയതായാണ് വിവരം. വോട്ടെടുപ്പ് ദിവസത്തെ തർക്കവുമായി ബന്ധപ്പെട്ട് എസ്‌ഐ അന്വേഷിക്കുന്ന കേസിൽ സിപിഎം സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

Tags:    

Similar News