അബ്ദുൾ സലാമിനെ വാഹനത്തിൽ കയറ്റാതിരുന്ന സംഭവം; മത ന്യൂനപക്ഷത്തിൽ പെട്ട ആളെ മാറ്റി നിർത്തി എന്ന സന്ദേശം നൽകിയെന്ന് എകെ ബാലൻ

Update: 2024-03-19 10:43 GMT

മലപ്പുറം എന്‍ഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി സിയുമായ ഡോ. അബ്ദുൾ സലാമിനെ  പ്രധാനമന്ത്രി മോദിയുടെ പാലക്കാട് റോഡ് ഷോക്കിടെ വാഹനത്തിൽ കയറ്റാതിരുന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എകെ ബാലൻ. മത ന്യൂനപക്ഷത്തിൽ പെട്ട ആളെ മാറ്റി നിർത്തി എന്ന സന്ദേശം നൽകിയെന്നും അബ്ദുള്‍ സലാം അപമാനിതനായി തിരികെ പോയെന്നും എകെ ബാലൻ ചൂണ്ടിക്കാണിച്ചു.

മതന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് പോയാൽ നാണം കെടുമെന്നും എകെ ബാലൻ പറഞ്ഞു. ഇത് ഗവർണർ കൂടി മനസ്സിലാക്കണം. പ്രധാനമന്ത്രി വന്നതുകൊണ്ട് പാലക്കാട് ബിജെപി ജയിക്കില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ബിജെപി ക്ക് ഇത്തവണ കിട്ടില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി ഇത്തവണ പാലക്കാട് വിജയിക്കുമെന്നും എകെ ബാലൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

സംഭവത്തില്‍ വിശദീകരണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. പാലക്കാട്, പൊന്നാനി സ്ഥാനാർത്ഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തിൽ കയറിയത്. 

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മലപ്പുറം എൻഡിഎ സ്ഥാനാർത്ഥി അബ്ദുൾ സലാം ഉണ്ടായിരുന്നു. മോദിക്കൊപ്പം റോഡ് ഷോയിൽ അനുഗമിക്കാൻ നേരത്തെ പേര് വിവരങ്ങള്‍ നൽകിയിരുന്നതാണെന്നും എന്നാല്‍ വാഹനത്തിൽ കൂടുതൽ ആളുകൾ ഉള്ളതിനാലാണ് കയറാൻ കഴിയാതിരുന്നതെന്നും അബ്ദുൽ സലാം പ്രതികരിച്ചു. ഇതിൽ പരാതി ഇല്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News