ലോറൻസിന്റെ ജീവിതവും രാഷ്ട്രീയവും പുതിയ തലമുറയ്ക്ക് പ്രചോദനമാണ്; അനുസ്മരിച്ച് ധനമന്ത്രി ബാലഗോപാൽ

Update: 2024-09-21 11:37 GMT

സഖാവ് എം എം ലോറൻസിന്‍റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സമരഭരിതമായ ഒരു കാലം വിടവാങ്ങുകയാണ്. സ്വാതന്ത്ര്യ സമര, നവോത്ഥാന  കാലഘട്ടത്തിൽ ജീവിച്ചിരുന്ന വലിയ വിപ്ലവ പാരമ്പര്യമുള്ള ലോറൻസിന്റെ ജീവിതവും രാഷ്ട്രീയവും പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. 

സാധാരണക്കാരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും  ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച  ഉജ്വലനായ സഖാവായിരുന്നു എം എം ലോറൻസ്. യാഥാസ്ഥിതികമായ ഒരു കുടുംബത്തിൽ ജനിച്ച എം എം ലോറൻസ് സ്വാതന്ത്ര്യ സമരത്തിലും പുരോഗമന ആശയങ്ങളിലും ആകൃഷ്ടനായാണ് പൊതുപ്രവർത്തനത്തിലേക്കെത്തുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന പാരതന്ത്ര്യത്തിനും അനീതികൾക്കുമെതിരെയുള്ള സമരത്തീച്ചൂളയിലേക്ക് വിദ്യാർത്ഥിയായിരിക്കെത്തന്നെ അദ്ദേഹം എടുത്തുചാടുകയായിരുന്നു. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം പോലെയുള്ള അങ്ങേയറ്റം സാഹസികവും സ്ഫോടനാത്മകവുമായ കേസുകളിൽ പ്രതിയായി. അതിന്റെ പേരിലുൾപ്പെടെ  ദീർഘകാലം ജയിൽവാസവും പോലീസ് മർദ്ദനവും ഏറ്റുവാങ്ങി. 

എറണാകുളം പോലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രദേശത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിൽക്കാലത്ത് മാർക്സിസ്റ്റ് പാർട്ടിയുടെയും ഏറ്റവും പ്രധാനപ്പെട്ട നേതാവായി സഖാവ് എം എം ലോറൻസ് മാറി. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ അദ്ദേഹം സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലെ തൊഴിലാളികളെ സംഘടിപ്പിച്ചു. നഗരത്തിലെ മനുഷ്യമലം എടുത്തുകൊണ്ടുപോകുന്ന തൊഴിലാളികളെയുൾപ്പെടെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങൾക്കു വേണ്ടി സമരങ്ങൾ ചെയ്യുകയും ചെയ്തു. 

സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ കൺവീനറുമായി പ്രവർത്തിച്ച എം എം ലോറൻസ് ഒരു തവണ പാർലമെന്റ് അംഗവുമായിരുന്നു. ലോറൻസ്  എൽഡിഎഫ് കൺവീനറായി പ്രവർത്തിക്കുന്ന വേളയിൽ എസ്എഫ്ഐയുടെ സംസ്ഥാന തലത്തിൽ പ്രവർത്തിച്ചിരുന്ന തങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉപദേശവും നൽകിയത് ഓർക്കുന്നുവെന്ന് ബാലഗോപാൽ പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെയും യുഡിഎഫ് സർക്കാരുകൾക്കെതിരെയും  വിദ്യാർത്ഥികളും യുവജനങ്ങളും നടത്തിയ സമരങ്ങളിലെല്ലാം എൽഡിഎഫിന്റെ അകമഴിഞ്ഞ പിന്തുണ അദ്ദേഹം നൽകിയിരുന്നു. വളരെ ഊഷ്മളമായ ബന്ധമാണ്  എന്നും അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും എം എം ലോറൻസിന്റെ നിര്യാണത്തിൽ പ്രിയപ്പെട്ടവരുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ ധനകാര്യ മന്ത്രി പറഞ്ഞു.

Tags:    

Similar News