അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; പങ്കെടുക്കണമോ വേണ്ടയോ എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിം ലീഗ്
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അവർ അവരുടേതായ തീരുമാനം എടുക്കട്ടേയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളും. യോഗത്തിൽ ദേശീയ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഓൺലൈനായി പങ്കെടുത്തു.
രാമക്ഷേത്ര ഉദ്ഘാടനം യോഗത്തിൽ ചർച്ച ചെയ്തു.വിശ്വാസത്തിനോ ആരാധനയ്ക്കോ പാർട്ടി എതിരല്ല, ആരാധന തുടങ്ങുന്നതല്ല പ്രശ്നം. പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കുന്ന തരത്തിലാണ് ഇതുകൊണ്ട് പോകുന്നത്. ഇതിനെ പ്രധാനമന്ത്രി രാഷ്ട്രീയമാക്കി ഉപയോഗിക്കുന്നു. ഓരോ പാർട്ടിയും ഇത് തിരിച്ചറിയണം. അതനുസരിച്ചു നിലപാട് എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന് സാദിഖലി തങ്ങളും പറഞ്ഞു.അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ഉപയോഗിക്കുന്നത്. വിശ്വാസികൾക്കൊപ്പമാണ് ലീഗ്. തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ഉപയോഗിക്കുന്നതിന് എതിരാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.