ഇ.പി ജയരാജന്റെ എം.എൽ.എ ഫണ്ട് വകമാറ്റി ചെലവാക്കിയതായി എ.ജി

Update: 2023-06-29 05:14 GMT

ഇ.പി. ജയരാജൻ എം.എൽ.എ.യായിരുന്ന കാലത്ത് മട്ടന്നൂർ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ വകമാറ്റിയതായി എ.ജി.യുടെ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട്. ചെലവാക്കിയ 2.10 കോടിയിൽ 80 ലക്ഷം രൂപയ്ക്ക് രേഖകളില്ല. 1.30 കോടിക്ക് മാത്രമാണ് കണക്കുള്ളത്. 1.30 കോടിയിൽ 40 ലക്ഷം രൂപ വകമാറ്റി ചെലവാക്കിയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

കോടികൾ ചെലവഴിച്ചത് ലിസ്റ്റിലില്ലാത്ത പദ്ധതിക്ക്

എം.എൽ.എ. ഫണ്ടിൽനിന്ന് 2.10 കോടി രൂപ ചെലവഴിച്ചത് സർക്കാർ നിർദേശിക്കുന്ന ലിസ്റ്റിലില്ലാത്ത പദ്ധതിയായ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ മുട്ട-പാൽ എന്നിവ വിതരണം ചെയ്യുന്നതിന്. പ്രീ-പ്രൈമറി മുതൽ എട്ടാംക്ലാസ്‌വരെയുള്ള വിദ്യാർഥികൾക്കായി രണ്ട് പോഷകാഹാര പദ്ധതികൾ രാജ്യത്തുണ്ട്. ഇവ നടപ്പാക്കിയതിനുശേഷവും കുട്ടികളിൽ പോഷകക്കുറവ് കണ്ടെത്തിയാൽ എം.എൽ.എ. ഫണ്ടിൽനിന്ന്‌ തുക വിനിയോഗിക്കാം.

എന്നാൽ ഇത്തരത്തിൽ ഒരുപഠനവും നടത്താതെയാണ് തുക ചെലവഴിച്ചത്. ലിസ്റ്റിന് പുറത്തുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ കളക്ടർ മുഖേന സർക്കാരിൽനിന്ന്‌ പ്രത്യേക അനുമതി നേടണം. ഇ.പി. ജയരാജൻ പദ്ധതിയുടെ പ്രൊപ്പോസൽ സമർപ്പിച്ചത് സ്വന്തമായി സർക്കാരിൽനിന്ന്‌ നേടിയ പ്രത്യേക അനുമതിയോടെയാണ്. നാല് സാമ്പത്തിക വർഷത്തിൽ ഒരിക്കൽപ്പോലും പദ്ധതിയുടെ ആവശ്യകതയോ, നേടിയ ഗുണഫലമോ തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചതുമില്ല.

പിണറായി കൺവെൻഷൻ സെന്റർ സർക്കാരിന് 2.41 കോടിയുടെ അധിക ബാധ്യത

പിണറായിയിലെ കൺവെൻഷൻ സെന്റർ നിർമാണത്തിൽ സർക്കാരിന് 2.41 കോടി രൂപ അധികബാധ്യതയെന്നും റിപ്പോർട്ടിലുണ്ട്. കൺവെൻഷൻ സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട് 0.5045 ഹെക്ടർ സ്ഥലം മാത്രമായിരുന്നു ആവശ്യം. എന്നാൽ വലിയ വിലനൽകി 0.7069 ഹെക്ടർ സ്ഥലം കൂടുതൽ വാങ്ങി സർക്കാരിന് 2.41 കോടി രൂപ അധികബാധ്യത വരുത്തി.

സർക്കാരിന് ഏതെങ്കിലും പദ്ധതിക്കായി സ്ഥലം ആവശ്യമാണെങ്കിൽ പ്രദേശവാസികളെ പുനരധിവസിപ്പിക്കേണ്ട സ്ഥലം, നൽകേണ്ട നഷ്ടപരിഹാരം എന്നിവ കണക്കാക്കി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണം. ഇതിനായി കളക്ടർ പ്രത്യേക ഡിക്ലറേഷനും പുറപ്പെടുവിക്കണം.

എന്നാൽ പിണറായി കൺവെൻഷൻ സെന്ററിന്റെ നിർമാണത്തിൽ ഇത്തരം ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബസ്‌സ്റ്റാൻഡിനായി ഏറ്റെടുത്ത ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിർമിച്ചത്.

Tags:    

Similar News