അട്ടപ്പാടി മധു വധക്കേസിന്റെ വിധി ഈ മാസം 30 ന്

Update: 2023-03-18 09:06 GMT

അട്ടപ്പാടി മധു വധകേസില്‍ വിധി പറയുന്നത് ഈ മാസം 30 ലേക്ക് മാറ്റി മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി. കഴിഞ്ഞ വെള്ളിയാഴ്ച കേസിൽ അന്തിമ വാദം പൂർത്തിയായിരുന്നു. നിരവധി സാക്ഷികൾ കൂറുമാറുകയും, പല  തവണ പ്രോസിക്യൂട്ടര്‍മാര്‍ മാറുകയും ചെയ്ത കേസിൽ പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പറയാൻ പോകുന്നത്. 

2018 ഫെബ്രുവരി 22നായിരുന്നു മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവായ മധുവിനെ കൊലപ്പെടുത്തുന്നത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 16 പ്രതികൾ ചേർന്ന് മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. 127 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ മധുവിന്റെ ബന്ധുക്കൾ അടക്കമുള്ള 24 പേരാണ് വിചാരണക്കിടെ കൂറുമാറിയത്. മറ്റു 77 സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായും മൊഴി നല്‍കി. കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാല് ഉദ്യോഗസ്ഥരെ  ജോലിയില്‍ നിന്നും പിരിച്ചുവിട്ടതും വാർത്തയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കുന്ന കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന സംഭവവും ഈ കേസ് വിസ്താരത്തിനിടെ നടന്നിട്ടുണ്ട്. 

മൂന്ന് പ്രോസിക്യൂട്ടര്‍മാരാണ് കോടതിയിൽ പോലും ഹാജരാവാതെ കേസിൽ നിന്നും പിന്മാറിയത്. ഒടുവിൽ 2022 ഫെബ്രുവരി 18നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രൻ കോടതിയിൽ ഹാജരായത്. എന്നാൽ സാക്ഷികള്‍ ഓരോരുത്തരും കൂറ് മാറാൻ തുടങ്ങിയതോടെ മധുവിന്റെ അമ്മയുടെ ആവശ്യപ്രകാരം വീണ്ടും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറായി നിയമിച്ചു.

Similar News