കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ 20 ലധികം പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോളേജ് യൂണിയൻ ചെയർമാനെയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയും കേസിൽ പ്രതി ചേർത്തു.
നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പുറമെ കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് ഉള്ള വ്യക്തി വൈരാഗ്യമാണ് മർദ്ദന കാരണം എന്ന് എഫ്ഐആറിൽ പറയുന്നു.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥൻ്റെ മരണം ചർച്ചയാകുന്നതിടെയാണ് കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് നേരെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ ക്രൂര മർദനം. വിദ്യാർത്ഥികൾ നോക്കി നിൽക്കെയാണ് കൊല്ലം ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ അമലിനെ ആക്രമിച്ചത്. റാഗിംഗ് നടത്തി എന്നാരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണം തുടങ്ങിയിരുന്നു.
രണ്ടാഴ്ച മുൻപ് കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഒന്നാം വർഷ വിദ്യാർത്ഥിയുമായ അനുനാധിനെ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ മർദിച്ചിരുന്നു. അതിനു നേതൃത്വം നൽകിയത് അമൽ ആണെന്ന് ആരോപിച്ചാണ് ഇരുപതോളം വിദ്യാർഥികളുടെ ഇടയിൽ വച്ച് ക്രൂര മർദ്ദനം. മൂക്കിനും കണ്ണിനും മുഖത്തും അടിയേറ്റ അമൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ പിന്നാലെ എത്തിയ എസ്എഫ്ഐ പ്രവർത്തകർ സംഭവിച്ചത് വാഹനാപകടം ആണെന്ന് ഒപിയിൽ പറഞ്ഞെന്നും അമൽ പറയുന്നു. എന്നാൽ കൈയ്യാങ്കളി മാത്രമാണ് ഉണ്ടായത് എന്നാണ് അനുനാഥിന്‍റെ വിശദീകരണം. ഇന്നലെ അമലിൻ്റെ അച്ഛൻ വിളിച്ചപ്പോൾ മാത്രമാണ് കോളജിൽ നടന്ന മർദനം അറിഞ്ഞതെന്നും തിങ്കളാഴ്ച പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കും എന്നു പ്രിൻസിപ്പാൾ അറിയിച്ചു.