അസ്ഫാഖ് ആലം കുറ്റക്കാരന്‍; ആലുവ പീഡനക്കൊലയില്‍ കുറ്റം തെളിഞ്ഞെന്ന് കോടതി

Update: 2023-11-04 06:37 GMT

ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‍ഫാഖ് ആലം കുറ്റക്കാരനെന്ന് കോടതി. നാടിനെ ഞെട്ടിച്ച കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതിയുടെ വിധിപ്രസ്താവം. കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതിവിധിയില്‍ വ്യാഴാഴ്ച വാദം നടക്കും. കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ മാനസിക ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് കോടതി പരിശോധിക്കും. കോടതി ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസിൽ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി വിധിയിലാണു വ്യാഴാഴ്ച വാദം നടക്കുക. ഈ ദിവസം റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ സുപ്രണ്ടിനോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോയെന്നു കോടതി പരിശോധിക്കും. പ്രതിയുടെ മാനസികനിലയും പരിശോധിക്കും. ഇതിനുശേഷമായിരിക്കും ശിക്ഷ വിധിക്കുക. മൊഴി രേഖപ്പെടുത്താനുള്ള അവകാശം പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷക ആവശ്യപ്പെട്ടിരുന്നു. ഇതു കോടതി അംഗീകരിക്കുകയായിരുന്നു. 16 കുറ്റങ്ങളില്‍ നാലെണ്ണവും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്. കൊലപാതകം, ബലാത്സംഗം ചെയ്തുള്ള പീഡനം, തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്ന് കുട്ടിയുടെ പിതാവ് വിധിക്കു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. പരമാവധി ശിക്ഷ നല്‍കിയാലേ എന്‍റെ കുട്ടിക്ക് നീതി ലഭിക്കൂ. കുറ്റക്കാരനെന്നു കണ്ടെത്തിയതിൽ നന്ദിയുണ്ട്. കേരള സർക്കാരിനും പൊലീസിനും എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈ 28നാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ ശീതളപാനീയം വാങ്ങിനൽകാമെന്ന വാഗ്ദാനം നൽകിയാണ് പ്രതി അസ്ഫാഖ് ആലം കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ആലുവ മാർക്കറ്റിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് 34-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും ഉൾപ്പെടെ 10 തൊണ്ടിമുതലുകളും സി.സി.ടി.വി ദൃശ്യങ്ങളുമാണ് തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. തുടർച്ചയായി 26 ദിവസം നീണ്ടുനിന്ന വിചാരണയാണ് കേസില്‍ നടന്നത്. ആകെ 99 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.

Tags:    

Similar News