കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്‍റെ മകൻ അഖിൽജിത്തിന്‍റെ അറസ്റ്റ് വൈകും

Update: 2023-11-10 01:29 GMT

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.ഐ നേതാവും മുൻ ബാങ്ക് പ്രസിഡന്‍റുമായ എൻ. ഭാസുരാംഗന്‍റെ മകൻ അഖിൽജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകും. അഖിൽജിത്തിനെ തിരുവനന്തപുരത്ത് വെച്ച് പരമാവധി ചോദ്യം ചെയ്ത ശേഷമായിരിക്കും കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോകുന്നതിലും അറസ്റ്റ് രേഖപ്പെടുത്തുന്നതിലും അന്തിമ തീരുമാനമെടുക്കുക.

ഭാസുരാംഗനും അഖിൽജിത്തും നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുണ്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഭാസുരാംഗനെ കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ഇന്നലെ അഖിൽജിത്തിനെയും എത്തിച്ചു. ആശുപത്രിയിൽ നിന്ന് ഭാസുരാംഗൻ ഡിസ്ചാർജ് ആകുന്ന മുറയ്ക്ക് പിതാവിനെയും മകനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും ഇ.ഡി ആലോചിക്കുന്നുണ്ട്. ഇതുവരെ നടത്തിയ പരിശോധനകളിൽ അഖിൽജിത്തിന് കണ്ടല ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ കൃത്യമായ പങ്കുണ്ടെന്ന പ്രാഥമിക നിഗമനത്തിൽ ഇ.ഡി എത്തുകയുണ്ടായി. ബാങ്കിലെ 35 കോടിയോളം രൂപ ഭാസുരാംഗൻ തിരിമറി നടത്തിയെന്നും ഈ പണം കൈകാര്യം ചെയ്തത് അഖിൽജിത്താണെന്നുമാണ് ഇ.ഡിയുടെ നിഗമനം. അതിനാലാണ് അഖിൽജിത്തിനെ കസ്റ്റഡിയിൽ എടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇ.ഡി കടന്നത്.

ഇതിനിടെ അഖിൽജിത്തിന്‍റെ 70 ലക്ഷത്തോളം രൂപ വില വരുന്ന ആഡംബര കാർ ഇ.ഡി സീൽ ചെയ്തു. ഇന്നലെ രാത്രിയോടെ 39 മണിക്കൂർ പിന്നിട്ട ഇ.ഡി പരിശോധന അവസാനിച്ചിരുന്നു. ഏഴിടങ്ങളിലെ പരിശോധന നേരത്തെ അവസാനിച്ചിരുന്നെങ്കിലും ഭാസുരാംഗന്‍റെ കണ്ടലയിലെ വീട്ടിലും കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ മാറനല്ലൂർ ശാഖയിലും പരിശോധന തുടർന്നു. ‍ഇന്നലെ രാത്രി ഒമ്പതരയോടെ അവസാനിച്ചു.

Tags:    

Similar News