അരിക്കൊമ്പൻ ആരോഗ്യവാൻ, അവശനെന്ന പ്രചാരണം തെറ്റ്

Update: 2023-06-25 09:23 GMT

തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ് സെമ്പകപ്രിയ. ക്ഷീണിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അരിക്കൊമ്പന്റെ ചിത്രം ജൂൺ 10 ന് എടുത്തതാണ്. ആന നിൽക്കുന്നതിന് 100 മീറ്റർ അകലെ നിന്നാണ് ആ ദൃശ്യം പകർത്തിയത്. അതിനാലാണ് മെലിഞ്ഞതായി തോന്നുന്നതെന്നും കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ് സെമ്പകപ്രിയ പറഞ്ഞു.

അരിക്കൊമ്പൻ പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു. നിലവിൽ ആന അപ്പർ കോതയാർ മേഖലയിൽ തന്നെ തുടരുകയാണ്. അവശനെന്ന പ്രചാരണം തെറ്റാണെന്നും ഇപ്പോൾ ധാരാളം പുല്ല് കിട്ടുന്ന സ്ഥലത്താണ് ആനയുള്ളതെന്നും സെമ്പകപ്രിയ വിശദീകരിച്ചു. അരിക്കൊമ്പന്റെ പുതിയ ചിത്രം പുറത്ത് വിടണമെന്ന ആവശ്യം സർക്കാരാണ് പരിഗണിക്കേണ്ടതെന്നും കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 

തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തമിഴ്നാട് വനംവകുപ്പ് പുറത്തു വിട്ട ചിത്രങ്ങൾ കണ്ട് രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നുമാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്.

അതിനിടെ, അരിക്കൊമ്പനുമായി ബന്ധപ്പെട്ട്  സുപ്രീം കോടതിയിൽ വീണ്ടും ഹർജിയുമെത്തി. അരികൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. അരികൊമ്പനെ മയക്കുവെടിവെക്കരുതെന്നതിനൊപ്പം ചികിത്സ ഉറപ്പാണമെന്ന ആവശ്യവും ഹർജിയിലുണ്ട്. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജി ഫയൽ ചെയ്തത്. 

Similar News