ബസിൽ ആകെയുള്ളത് ശുചിമുറി മാത്രം; കൊലക്കേസ് പ്രതിയെ പോലെ കാണേണ്ടെന്നും ഗതാഗത മന്ത്രി

Update: 2023-11-18 09:17 GMT

നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസിൽ വാർത്തകളിൽ പറയുന്നത് പോലെ വലിയ സൗകര്യങ്ങളില്ലെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കാസർകോട് മാധ്യമപ്രവർകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രിഡ്‌ജോ ഓവനോ കിടപ്പു മുറിയോ ബസിൽ ഇല്ല. ആകെയുള്ളത് ശുചിമുറിയും ബസിൽ കയറാൻ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണ്. ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും. നവ കേരള സദസ്സ് കണ്ട് പ്രതിപക്ഷത്തിന് ഹാലിളകിയെന്നും അതിനാലാണ് ഈ തരത്തിൽ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. റോബിൻ ബസ് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. നിയമം എല്ലാവരും പാലിക്കണമെന്ന് പറഞ്ഞ അദ്ദേഹം ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും വ്യക്തമാക്കി.

അതേസമയം മഞ്ചേശ്വരം മണ്ഡലത്തിലെ നവകേരള സദസ്സിന്റെ ഭാഗമായി പരാതികൾ സ്വീകരിച്ച് തുടങ്ങി. പൈവളിഗെയിൽ പ്രത്യേകം സജ്ജീകരിച്ച ഏഴ് കൗണ്ടറുകൾ വഴിയാണ് പരാതികൾ സ്വീകരിക്കുന്നത്. അതിനിടെ കാസർകോട് ഗസ്റ്റ് ഹൗസിന് സമീപത്ത് കെഎസ്ആർടിസി ജീവനക്കാർ മന്ത്രിമാർക്കെതിരെ പ്രതിഷേധിച്ചു. നവകേരള സദസിനെതിരെയായിരുന്നു പ്രതിഷേധ സമരം. 

Tags:    

Similar News