'ഞാൻ വിചാരിച്ചാൽ തെറ്റിദ്ധരിക്കുന്നയാളല്ല മുഖ്യമന്ത്രി; കോഴ വാഗ്‌ദാനം ചെയ്‌തത് സത്യം': ആരോപണം തള്ളാതെ പ്രതികരണവുമായി ആന്റണി രാജു

Update: 2024-10-25 12:38 GMT

തോമസ് കെ തോമസ് പരസ്‌പര വിരുദ്ധമായി സംസാരിക്കുകയാണെന്ന് ആന്റണി രാജു എംഎൽഎ. കോവൂർ കുഞ്ഞുമോനും ആന്റണി രാജുവും എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറാൻ 100 കോടി രൂപ തോമസ് കെ.തോമസ് എംഎൽഎ വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തിൽ താൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല എന്ന് ആന്റണി രാജു പറഞ്ഞു. തോമസ് കെ.തോമസ് കോഴ വാഗ്‌ദാനം ചെയ്‌തത് സത്യമാണെന്നും എന്നാൽ മുന്നണിയിൽ തന്നെ നിൽക്കുന്നയാളായതിനാൽ തുറന്നുപറയുന്നതിൽ തനിക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോഴയാരോപണം ആന്റണി രാജു തള്ളിയില്ല. കോഴയാരോപണം അടക്കമുള്ള അറിയാവുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയോട് സത്യസന്ധമായി പറഞ്ഞിട്ടുണ്ടെന്നും പുറത്ത് പറയേണ്ട സാഹചര്യം വന്നാൽ എല്ലാം തുറന്നുപറയുമെന്നും ആന്റണി രാജു വ്യക്തമാക്കി. താൻ വിചാരിച്ചാൽ തെറ്റിദ്ധരിക്കുന്നയാളല്ല മുഖ്യമന്ത്രിയെന്ന് ആന്റണി രാജു പറഞ്ഞു.

അതേസമയം കോഴ ആരോപണത്തിന് പിന്നിൽ ആന്റണി രാജുവാണെന്നും, മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചതാണെന്നും തോമസ് കെ തോമസ് പ്രതികരിച്ചിരുന്നു. കോവൂർ കുഞ്ഞുമോൻ കൃത്യമായി പ്രതികരിച്ചിട്ടുണ്ടെന്നും, പലരുടെയും വായടക്കാൻ ആ മറുപടി മതിയെന്നുമാണ് തോമസ് കെ തോമസ് പറഞ്ഞത്.

ആന്റണി രാജുവിന് തന്നോടുള്ള വൈരാഗ്യമെന്താണെന്ന് അറിയില്ല. കുട്ടനാട് സീറ്റിന് വേണ്ടി ആന്റണി രാജുവും പാർട്ടിക്കാരും ഒരുപാട് ശ്രമിച്ചിരുന്നു. തോമസ് ചാണ്ടിയുടെ പ്രതിസന്ധികാലത്ത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ ആക്രമിച്ചത് ആന്റണി രാജുവാണ്. അതും ഒരേ മുന്നണിയിൽ നിന്ന്. 100 ശതമാനവും മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചു. കെട്ടിച്ചമച്ച കഥയാണ് ആരോപണമെന്നും, ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും തോമസ് കെ തോമസ് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News