കോഴയാരോപണത്തിന് പിന്നിൽ ആൻറണി രാജുവെന്ന് തോമസ് കെ തോമസ്; അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് കത്ത് നൽകി

Update: 2024-10-25 05:32 GMT

താൻ എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് തോമസ് കെ. തോമസ് എംഎൽഎ. വിശദമായി അന്വേഷിക്കട്ടെയെന്നും തനിക്ക് മന്ത്രിസ്ഥാനം ഉറപ്പായപ്പോൾ വരുന്ന ആരോപണമാണെന്നും തോമസ് കെ. തോമസ് പറഞ്ഞു. അതേസമയം ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്.ഒൻപത് പേജുള്ള കത്താണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. സംഭാഷണം ഇല്ലെന്ന് കോവൂർ കുഞ്ഞുമോൻ നിഷേധിക്കുന്നുവെന്നും മന്ത്രിസ്ഥാനം വന്നില്ലെങ്കിൽ ഇത്തരം ആരോപണം വരില്ലായിരുന്നുവെന്നും തോമസ് ചാണ്ടിയോടും ഇത് തന്നെയാണ് ചെയ്തതതെന്നും തോമസ് കെ തോമസ് പറഞ്ഞു.

ആന്റണി രാജുവിന്റെ അജണ്ട വെളിച്ചത്ത് വരട്ടെ. താനും കോവൂർ കുഞ്ഞുമോനും ആന്റണി രാജുവും ഇങ്ങനെ ഒരു കാര്യം സംസാരിച്ചിട്ടില്ല. കുട്ടനാട്ടിൽ ആന്റണി രാജുവിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിച്ചതിന്റെ വിഷമം ആയിരിക്കാമെന്നും തോമസ് കെ.തോമസ് പറഞ്ഞു. വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വെളിപ്പെടുത്തും. മഹാരാഷ്ട്രയിൽ പോലും ലക്ഷങ്ങളാണ് കൂറുമാറ്റത്തിന് വാഗ്ദമാനം ചെയ്യാറെന്നും ആൻറണി രാജു കോടികൾക്കുള്ള അസറ്റില്ലെന്നും പരിഹസിച്ചു. തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ ആരോപണം. എൽഡിഎഫിൻറെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്. ആൻറണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണം. തോമസ് കെ. തോമസിൻറെ മന്ത്രിസ്ഥാനം നിഷേധിക്കാൻ ഇതാണ് കാരണമെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ അറിയിച്ചു.

തോമസ് കെ. തോമസിൻറെ വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആൻറണി രാജു മുഖ്യമന്ത്രിയോട് സമ്മതിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന നിയമസഭാ സമ്മേളനത്തിനിടെയാണ് സംഭവം. അതേസമയം ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. അജിത് പവാറുമായി ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചർച്ചയും നടന്നിട്ടില്ലെന്നും തോമസ് വ്യക്തമാക്കി. ഇത് ആൻറണി രാജു കളിക്കുന്ന കളിയാണ് എന്നാണ് തോമസ് പറഞ്ഞത്. എന്നാൽ കോവൂർ കുഞ്ഞുമോൻ ആരോപണം നിഷേധിച്ചു.

Similar News