'തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം': അനില്‍ ആന്‍റണിയുടെ ആരോപണം തള്ളി ആന്‍റോ ആന്‍റണി
ദല്ലാല്‍ ടിപി നന്ദകുമാറുമായി ഗൂഢാലോചന നടത്തിയെന്ന പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ ആരോപണം തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ ആന്‍റോ ആന്‍റണി. ദല്ലാള്‍ ടിപി നന്ദകുമാറുമായി ആന്‍റോ ആന്‍റണി ഗൂഢാലോചന നടത്തിയാണ് തനിക്കെതിരായ ആരോപണം ഉന്നയിച്ചതെന്നായിരുന്നു അനില്‍ ആന്‍റണിയുടെ പ്രതികരണം.
എന്നാല്‍, ജീവിതത്തില്‍ ഇന്ന് വരെ ദല്ലാള്‍ നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. അനില്‍ ആന്‍റണി വിവരദോഷം പറയുകയാണ്. നന്ദകുമാറിനെ കണ്ടിട്ടുപോലുമില്ല. ഗൂഢാലോചന നടത്തിയെന്നുള്ള അനില്‍ ആന്‍റണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ആന്‍റോ ആന്‍റണി വ്യക്തമാക്കി. സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തി എന്ന ആരോപണത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അന്വേഷിക്കട്ടെയെന്നും അതിന് വെല്ലുവിളിക്കുകയാണെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
അനില്‍ ആന്‍റണിയുടെ ആരോപണം
സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ തന്‍റെ കയ്യിൽ നിന്നും വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്‍റെ (ടി ജി നന്ദകുമാർ) ആരോപണം തളളി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി നേരത്തെ രംഗത്തെത്തി. സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും 12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ടെന്നും അനിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
12 വർഷം മുമ്പ് നന്ദകുമാറിനെ പരിചയപ്പെടുത്തിയത് ഇപ്പോൾ തനിക്കെതിരായ ആരോപണം ശരിവെച്ചെത്തിയ കോൺഗ്രസ് നേതാവ് പിജെ കുര്യനാണ്. കുര്യന്റെ ആളാണ് എന്ന് പറഞ്ഞാണ് അന്ന് നന്ദകുമാർ വന്നത്. നടക്കാത്ത കാര്യങ്ങളാണ് എന്നോട് പറഞ്ഞത്. കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാർ ഇടപെട്ടായിരുന്നു. രാഷ്ട്രീയ കുതികാലു വെട്ടുന്ന പിജെ കുര്യൻ മുമ്പ് കരുണാകരനെയും ആന്റണിയെയും ചതിച്ചുവെന്നും അനിൽ തുറന്നടിച്ചു.
കുര്യന്റെ ശിഷ്യൻ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകൾ കൊള്ളയടിച്ചു. ഇ. ഡി. യിൽ വരെ പരാതിയെത്തിയിട്ടുണ്ട്. ഇപ്പോൾ ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി.ജെ. കുര്യൻ ചേർന്നാണ് നന്ദകുമാറിനെ ഇറക്കിയത്. 2013 ന് ശേഷം നന്ദകുമാറിനെ ഞാൻ കണ്ടിട്ടില്ല. പി.ജെ കുര്യൻ കള്ളം പറയുകയാണെന്നും അനിൽ പറഞ്ഞു.