കള്ളപ്പണം വെളുപ്പിക്കൽ ആരോപണം; സിപിഐഎം നേതൃത്വ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ, തോമസ് ഐസക്കിനെ പോലെ സാമ്പത്തിക ശാസ്ത്രം അറിയുന്നവർ രേഖ പരിശോധിക്കട്ടെ

Update: 2023-08-16 12:25 GMT

കള്ളപ്പണം വെളുപ്പിക്കൽ , ബിനാമി ഇടപാട് ആരോപണങ്ങളിൽ സിപിഐഎം നേതൃത്വത്തെ വെല്ലുവിളിച്ച് മാത്യു കുഴൽ നാടൻ എംഎൽഎ.തന്റെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തിലുള്ള നിയമകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പുറത്തുവിടാൻ തയാറാണെന്നും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേരിലുള്ള കമ്പനിയുടെ 2016 മുതലുള്ള സാമ്പത്തിക ഇടപാടുകൾ പുറത്തുവിടാൻ തയാറാണോ എന്നും മാത്യു കുഴൽനാടൻ എംഎൽഎ ചോദിച്ചു. സിപിഐഎം ഒരു അന്വേഷണ കമ്മിഷനെ വച്ചാൽ അവർക്ക് തന്റെ കമ്പനിയുടെ ഇടപാടുകളുടെ രേഖകളെല്ലാം കൈമാറാം. തനിക്കു പങ്കാളിത്തമുള്ള കമ്പനിയിൽ ജോലി ചെയ്തവരുടെ വിവരങ്ങളും കൈമാറാം. തോമസ് ഐസക്കിനെപോലെ സാമ്പത്തിക ശാസ്ത്രം അറിയാവുന്ന നേതാവ് രേഖകൾ പരിശോധിക്കട്ടെ. എന്നാൽ, വീണയുടെ കമ്പനിയിൽ ജോലി ചെയ്ത 50% ആളുകളുടെയെങ്കിലും വിവരം പുറത്തുവിടാൻ തയാറാകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. തനിക്ക് പങ്കാളിത്തമുള്ള നിയമകാര്യ കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നു എന്ന സിപിഐഎം ആരോപണത്തിന് മറുപടി പറയുകയായിരുന്നു മാത്യു കുഴൽനാടൻ.

'മൂന്നാറിൽ ഞാൻ ഭൂമി വാങ്ങിച്ചപ്പോൾ നികുതി വെട്ടിച്ചു എന്നാണ് സിപിഎം ആരോപണം. യഥാർഥവിലയേക്കാൾ കുറച്ചു കാണിച്ചു എന്നാണ് പറയുന്നത്. ചിന്നക്കനാലിലെ ഭൂമിക്ക് സർക്കാർ നിശ്ചയിച്ച ന്യായവിലയേക്കാൾ 6 ലക്ഷംരൂപ കൂടുതലായി നികുതി അടച്ചു. സിപിഐഎം ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് ഒളിച്ചോടില്ല. സിപിഎം ഉയർത്തിയ ആരോപണം ഗുരുതരമാണ്. ഞാൻ പ്രവർത്തിക്കുന്ന സ്ഥാപനം കള്ളപ്പണം വെളിപ്പിക്കുകയാണെന്നും വരുമാന സ്രോതസ് വ്യക്തമല്ലെന്നുമാണ് സിപിഎം പറയുന്നത്. 4 പങ്കാളികളാണ് എന്റെ നിയമസ്ഥാപനത്തിലുള്ളത്. അവരെയെല്ലാവരെയും സിപിഎം സംശയനിഴലിലാക്കിയിരിക്കുകയാണ്. അധ്വാനത്തിന്റെ, വിയർപ്പിന്റെ വില അറിയാത്തതിനാലാണ് സിപിഎം ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നതെന്നും കുഴൽനാടൻ വ്യക്തമാക്കി''

''രക്തം ചിന്തിയാലും വിയർപ്പ് ഒഴുക്കില്ല എന്നാണ് സിപിഎം നിലപാട്. സിപിഎം നേതാക്കൾക്ക് അധ്വാനിക്കാൻ അറിയില്ല. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്താൽ സഹിക്കില്ല. 2014–15 വർഷത്തിൽ 1.35 കോടിരൂപയായിരുന്നു നിയമസ്ഥാപനത്തിന്റെ വരുമാനം. 10 ലക്ഷംരൂപ ആ വർഷം നികുതി അടച്ചു. 30 ലക്ഷമാണ് കഴിഞ്ഞവർഷം നികുതി അടച്ചത്. ഇതിനു പുറമേ വ്യക്തിപരമായും നികുതി അടച്ചു. 2.18 കോടിയിലേറെ രൂപ 10 വർഷത്തിനിടെ സ്ഥാപനം നികുതി അടച്ചു. കള്ളപ്പണം വെളുപ്പിക്കലാണെന്നു മൈക്കിനു മുന്നിൽ ഇരുന്നു പറയാൻ എളുപ്പമാണ്. സ്ഥാപനം നടത്തുന്നതിനു പിന്നിലെ അധ്വാനം വളരെ വലുതാണ്. ആരോപണം ഉന്നയിച്ച് എന്തു വേണമെങ്കിലും സിപിഎം നേതാക്കൾക്ക് തകർക്കാം. തൊഴിലാളികളുടെ വിയർപ്പുകൊണ്ടാണ് സിപിഎം നേതാക്കൾ ജീവിക്കുന്നത്. എനിക്ക് പങ്കാളിത്തമുള്ള കമ്പനിയിലേക്കു വിദേശരാജ്യത്തുനിന്നു പണം വന്നിട്ടുണ്ട്. വിദേശ കമ്പനികളുടെ കേസ് വാദിച്ചതിനാണ് ആ പണം വന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു

Tags:    

Similar News