'ആരോപണങ്ങൾ ധാരാളം വരും, ഏത് ആരോപണത്തിലും അന്വേഷണം വേണം' ; നടൻ മണിയൻ പിള്ള രാജു
നടി മിനു മുനീർ ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് നടൻ മണിയൻ പിള്ള രാജു. ആരോപണങ്ങൾ ഇനി ധാരാളം വരും. പിന്നിൽ പല ഉദ്ദേശ്യങ്ങൾ ഉണ്ടാവും. ചിലർക്ക് പണം ആവശ്യമുണ്ടാകും. മറ്റു ചിലർ അവസരം ലഭിക്കാത്തവരായിരിക്കും. ഏത് ആരോപണത്തിലും അന്വേഷണം വേണം. ഡബ്ല്യു.സി.സിയുടെ ആവശ്യം ന്യായമാണെന്നും മണിയൻ പിള്ള രാജു പറഞ്ഞു.
എല്ലാം പുറത്തുവരാൻ അന്വേഷണം വേണം. 'അമ്മ'യിൽ അംഗത്വമെടുക്കാൻ വഴിവിട്ട രീതിയിൽ കഴിയില്ല. 'എൽസമ്മ എന്ന ആൺകുട്ടി'യിൽ മിനുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. താൻ തെറ്റുകാരനെന്ന് കണ്ടാൽ തന്നെയും ശിക്ഷിക്കണം. എല്ലാം അന്വേഷിക്കട്ടെ എന്നും രാജു പറഞ്ഞു.
മണിയൻപിള്ള രാജുവിന് പുറമെ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെയാണ് മിനു ആരോപണമുന്നയിച്ചത്. 'അമ്മ'യിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് മിനു പറഞ്ഞു. 2008ലാണ് ജയസൂര്യയിൽനിന്ന് മോശം അനുഭവമുണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽനിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ളാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നും മിനു പറഞ്ഞു.
മൂന്ന് സിനിമയിൽ അഭിനയിച്ചാൽ 'അമ്മ'യിൽ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ബാബു കഴുത്തിൽ ചുംബിച്ചു. പെട്ടെന്ന് ഫ്‌ളാറ്റിൽനിന്ന് ഇറങ്ങിയെന്നും മിന്നു കൂട്ടിച്ചേർത്തു.