തോമസ് കെ തോമസിന് എതിരായ ആരോപണം ; സർക്കാർ അന്വേഷണം ഉടനില്ല

Update: 2024-10-28 09:32 GMT

ആലപ്പുഴ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിനെതിരെ ഉയർന്ന കുതിരക്കച്ചവട ആരോപണത്തിൽ സർക്കാർ അന്വേഷണം ഉടൻ ഉണ്ടാകില്ല. അന്വേഷണം പ്രഖ്യാപിച്ചാൽ ഇഡി വരുമോ എന്ന് ആശങ്ക സർക്കാരിലുണ്ട്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും താൻ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും തോമസ് കെ. തോമസ് പറഞ്ഞു.

എൻസിപി അജിത് പവാർ പക്ഷത്തേക്ക് എത്തിയാൽ 50 കോടി രൂപ വീതം നൽകാമെന്ന് തോമസ് കെ തോമസ് പറഞ്ഞുവെന്നായിരുന്നു ആൻറണി രാജു മുഖ്യമന്ത്രിയെ അറിയിച്ചത്. കോവൂർ കുഞ്ഞുമോനും ഇതേ വാഗ്ദാനം ഉണ്ടായെന്നും ആന്‍റണി രാജു മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് മുന്നിൽ കോവൂർ കുഞ്ഞുമോൻ ഇത് നിഷേധിച്ചു.ഇതിന് പിന്നാലെയാണ് എന്‍ സിപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും തോമസ് കെ.തോമസിനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി സമ്മതിക്കാതിരുന്നത്. സംഭവം വലിയ വിവാദമായിട്ടും അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പൊതുപ്രവർത്തകനെതിരെ ഉയർന്ന അഴിമതി ആരോപണം ആയതുകൊണ്ട് വേണമെങ്കിൽ വിജിലൻസിന് സ്വമേധയാ അന്വേഷണം നടത്താം.

എന്നാൽ നിലവിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തിയാൽ, സാമ്പത്തിക കുറ്റകൃത്യമായതുകൊണ്ട് കേന്ദ്ര ഏജൻസിയായ ഇഡി വീണ്ടും കേരളത്തിലേക്ക് എത്തുമോ എന്ന് ആശങ്ക സംസ്ഥാന സർക്കാരിനും സിപിഐഎമ്മിനുമുണ്ട്.അതുകൊണ്ട് ഉടനെ ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകില്ല. ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞശേഷം വിശദമായ പരിശോധന നടത്തി കൂടുതൽ തീരുമാനങ്ങളിലേക്ക് പോകാം എന്ന നിലപാടിലാണ് സർക്കാർ. അതിനിടെ, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉടൻ പരാതി നൽകുമെന്ന് തോമസ് പറഞ്ഞു. തന്‍റെയും ആന്‍റണി രാജുവിന്‍റേയും ഫോണ്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണത്തിന്‍റെ പേരിൽ മാത്രം തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നൽകാതിരുന്നാൽ എ കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കുന്നത് അടക്കമുള്ള തീരുമാനങ്ങളെടുക്കാന്‍ പി.സി ചാക്കോ വിഭാഗം ആലോചിക്കുന്നുണ്ട്. പക്ഷെ എ.കെ ശശീന്ദ്രന്‍ വഴങ്ങാന്‍ സാധ്യതയില്ല. അങ്ങനെയെങ്കിൽ എൻസിപി രണ്ടായി പിളരും.

Tags:    

Similar News