'ചർച്ചകൾ എല്ലാം ഉമ്മൻചാണ്ടിയുടെ അറിവോടെ'; ആരാദ്യം നടത്തി എന്നതിന് ഇനി പ്രസക്തിയില്ലെന്ന് തിരുവഞ്ചൂർ
സോളാർ സമരം ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആരാദ്യം ചർച്ച നടത്തി എന്നതിന് ഇനി പ്രസക്തിയില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാൻ പല ഭരണവൈദഗ്ധ്യവും ഞങ്ങൾ കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജിയായിരുന്നു സിപിഎമ്മിന്റെ ആവശ്യം. അത് അംഗീകരിക്കാനാവില്ല എന്ന് ഞങ്ങൾ ഉറച്ച നിലപാടെടുത്തുവെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഒത്തുതീർപ്പ് അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നോ എന്ന് പറയേണ്ടത് സിപിഎം ആണ്. ടിപി കേസുമായി സോളാർ കേസിനെ ബന്ധിപ്പിക്കുന്നത് ചില തുന്നൽ വിദഗ്ധരാണ്. ഇരു കേസുകളും തമ്മിൽ ഒരു ബന്ധവുമില്ല. താൻ നടത്തിയ എല്ലാ ചർച്ചകളും ഉമ്മൻചാണ്ടിയുടെ അറിവോടെ ആയിരുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേസമയം ഒത്തുതീർപ്പ് വിവരം പുറത്ത് വരുമ്പോഴും കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ഇതുവരെ പ്രതികരിച്ചിട്ടില്ല.