ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു
ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തലവടി പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ(77) ആണ് ജീവനൊടുക്കിയത്. കിടപ്പുരോഗിയായിരുന്ന ഭാര്യ ഓമനയ്ക്ക്(73) ഗുരുതരമായി പൊള്ളലേറ്റു. ഓമനയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഉണ്ണികൃഷ്ണനും(43) പൊള്ളലേറ്റു.
പുലർച്ചെയോടെ പെട്രോൾ ഒഴിച്ച് തീയിട്ട ശേഷമാണ് ശ്രീകണ്ഠൻ ജീവനൊടുക്കിയത്. അഗ്നിശമന സേന എത്തി തീ അണച്ചു. പൊള്ളലേറ്റ ഭാര്യയെയും മകനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.