പൈലറ്റുമാരുടെ കൂട്ടരാജി; നിയമനടപടികള്‍ സ്വീകരിച്ച്‌ ആകാശ എയര്‍

Update: 2023-09-23 03:30 GMT

പൈലറ്റുമാര്‍ ഒന്നടങ്കം അപ്രതീക്ഷിതമായി രാജിവെച്ചതോടെ നിയമനടപടികള്‍ സ്വീകരിച്ച്‌ പ്രമുഖ വിമാന കമ്ബനിയായ ആകാശ എയര്‍.

പൈലറ്റുമാരുടെ കൂട്ടരാജി കമ്ബനിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് നിയമനടപടിക്ക് തുടക്കമിട്ടത്. പൈലറ്റുമാരുടെ രാജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ആകാശ എയര്‍ വ്യക്തമാക്കി. അതേസമയം, പൈലറ്റുമാര്‍ക്ക് എതിരായ നിയമനടപടി സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെതിരെയോ, സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന് എതിരെയോ അല്ലെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ 3 മാസത്തിനിടെ 43 പൈലറ്റുമാരാണ് ആകാശ എയറില്‍ നിന്ന് രാജിവെച്ചത്. ഇതോടെ, കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും, 630-ലധികം സര്‍വീസുകള്‍ റദ്ദ് ചെയ്യുകയുമായിരുന്നു. പൈലറ്റുമാരില്‍ ഭൂരിഭാഗവും എയര്‍ ഇന്ത്യയിലെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് സൂചന. നോട്ടീസ് പിരീഡിന് കാത്തുനില്‍ക്കാതെയാണ് പൈലറ്റുമാര്‍ രാജിവെച്ചത്. തൊഴില്‍ കരാര്‍ പ്രകാരം, പൈലറ്റുമാര്‍ പാലിക്കേണ്ട നോട്ടീസ് പിരീഡിന്റെ കാര്യത്തില്‍ വ്യക്തത വരുത്താൻ വേണ്ടിയാണ് ആകാശ എയര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച്‌, ഫസ്റ്റ് ഓഫീസര്‍ക്ക് 6 മാസവും, ക്യാപ്റ്റന് ഒരു വര്‍ഷവുമാണ് നോട്ടീസ് പിരീഡ്. കൂട്ടരാജി അപ്രതീക്ഷിത തിരിച്ചടി നല്‍കിയതിനാല്‍, 2.3 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് കമ്ബനി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News