ജയിലറെ ആക്രമിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി; ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

Update: 2023-10-09 11:00 GMT

ഷുഹൈബ് വധക്കേസ് ഒന്നാം  പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. വിയ്യൂരിൽ ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പ് തീരുമാനം. മകളുടെ പേരിടൽ ചടങ്ങിനിടെ കഴിഞ്ഞ മാസമാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്.

വധക്കേസുകളിലും ക്വട്ടേഷൻ കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ആദ്യം കാപ്പ ചുമത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടർന്ന് ആകാശിനെ വിയ്യൂർ ജയിലിൽ അടച്ചു. ആറ് മാസം തടവ് പൂർത്തിയാക്കി ഓഗസ്റ്റ് 27ന് ആകാശ് പുറത്തിറങ്ങി.

സെപ്തംബർ 13ന് കണ്ണൂരിലെ വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിനിടെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂരിൽ ഫോൺ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മർദിച്ച കേസ് ചൂണ്ടിക്കാട്ടിയായിരുന്നു കാപ്പ ചുമത്തൽ. ഇതിനെതിരെ കുടുംബം നൽകിയ അപ്പീലിലാണ് കാപ്പ റദ്ദാക്കിയുളള തീരുമാനം.

ജയിലിന് അകത്ത് നടന്ന സംഭവമായതിനാൽ കാപ്പ ചുമത്താൻ കേസ്  പര്യാപ്തമല്ലെന്നാണ് സെപ്തംബർ 27ന് ഇറക്കിയ ഉത്തരവിലുളളത്. ഇതോടെ ആകാശ് ജയിൽ മോചിതനായി. മകളുടെ പേരിടൽ ചടങ്ങിനിടെ ആകാശിനെ കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുടുംബമുൾപ്പെടെ മുഴക്കുന്ന് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. സിപിഎമ്മിനകത്തും എതിർപ്പുണ്ടായി. ചിലർ രാജിഭീഷണി മുഴക്കിയെന്നും സൂചനയുണ്ട്. പിന്നാലെയാണ് മുഖ്യമന്ത്രിക്കും കാപ്പ ബോർഡിനും കുടുംബം നൽകിയ അപ്പീലിൽ അനുകൂല തീരുമാനം.

ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മർദ്ദിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂടാതെ ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

സെല്ലിന് മുന്നില്‍ അകത്തെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയാത്ത വിധം ആകാശ് തുണിവച്ച് മറച്ചിരുന്നത് ചോദ്യം ചെയ്തതും ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയം പ്രകടിപ്പിച്ചതിലുമുണ്ടായ വിരോധമാണ് ജയില്‍ ഓഫീസ് മുറിയില്‍ സൂപ്രണ്ടിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്. ആകാശിന്റെ സെല്ലിൽ പരിശോധനയ്ക്കെത്തിയ ജയിൽ ഉദ്യോഗസ്ഥനായ രാഹുൽ മുറിയുടെ ഒരു ഭാഗം തുണി വച്ച് മറച്ചു കെട്ടിയത് ചോദ്യം ചെയ്തുിരുന്നു.

ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയവും പ്രകടിപ്പിച്ചു. പിന്നാലെ തില്ലങ്കേരി ജയിലർക്ക് മുന്നിൽ പരാതിയുമായെത്തി. ഈ സമയം രാഹുലും അവിടേക്ക് വന്നു. ഈ സമയം ആകാശ് തില്ലങ്കേരി രാഹുലിന്റെ ചെവിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആകാശ് തില്ലങ്കേരിക്കെതിരെ വിയ്യൂർ പൊലീസ്  കേസെടുത്തിരുന്നു. 

Tags:    

Similar News