'ആകാശത്ത് നിന്ന് എഫ്ഐആർ ഇടാനാകില്ല, പൂഴ്ത്തിവെക്കാൻ മാത്രം റിപ്പോർട്ടിൽ ഒന്നുമില്ല'; എകെ ബാലൻ
ഹേമാ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നിയമനടപടി സ്വീകരിക്കുന്നതിൽ തടസങ്ങളുണ്ടെന്ന് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ. ആകാശത്ത് നിന്നും എഫ്ഐആർ ഇടാനാകില്ല. റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിട്ടില്ലെന്നും പൊതുവായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടിയെടുക്കാനാകില്ലെന്നും ബാലൻ വിശദീകരിച്ചു.
സിനിമാ മേഖലയിൽ നിന്നും വ്യക്തിപരമായ പരാതികൾ സർക്കാരിന് കിട്ടിയിട്ടില്ല. മൊഴികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ കേസെടുക്കാൻ കഴിയുകയുളളു. പുറത്ത് വിടാത്ത റിപ്പോർട്ടിന്റെ ഭാഗം പ്രസിദ്ധീകരിക്കാമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെ. ആകാശത്ത് നിന്ന് എഫ് ഐ ആർ ഇടാനാകില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിട്ടില്ല. പൂഴ്ത്തിവെക്കാൻ മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ല. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യൂസിസി സ്ഥാപക അംഗം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ബാലൻ വെളിപ്പെടുത്തി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാദം തള്ളിയ മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ, ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ടായിരുന്നത് സാംസ്കാരിക വകുപ്പിന്റെ അടുത്ത് തന്നെയാണെന്നും വ്യക്തമാക്കി.