എ.ഐ. ക്യാമറ: ധനവകുപ്പ് എതിർത്തത് രണ്ടുവട്ടം, അന്തിമ ഫയൽ ധനമന്ത്രി കണ്ടില്ല, ജുഡിഷ്യൽ അന്വേഷണത്തിനും  സാദ്ധ്യത

Update: 2023-05-03 01:33 GMT

റോഡ് ക്യാമറകളുടെ പൂർണ തോതിലുള്ള പ്രവർത്തനം 19ന് തുടങ്ങുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നു ഗതാഗതവകുപ്പ്. ഒരു മാസമാണു മുന്നറിയിപ്പിനു നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാൽ നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാനുള്ള ചെലാൻ അയച്ചു തുടങ്ങും.

ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങുന്നവർക്കു ബോധവൽക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിർദേശം നടപ്പായില്ല. കെൽട്രോൺ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ. നോട്ടിസ് അയയ്ക്കാൻ ലക്ഷങ്ങൾ ചെലവാകുമെന്നതായിരുന്നു കെൽട്രോണിന്റെ നിലപാട്.

നിർമിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ജാഗ്രതയും സുതാര്യതയും പാലിക്കാൻ ധനവകുപ്പ് ഓർമിപ്പിച്ചത് രണ്ടുതവണ. ആദ്യം പദ്ധതിക്ക് അനുമതി തേടിയപ്പോഴും മന്ത്രിസഭാനുമതി നൽകുന്നതിനുമുമ്പുമായി രണ്ടുവട്ടം ഫയലുകൾ ധനവകുപ്പിലെത്തി. രണ്ടുതവണയും എതിർപ്പ് അറിയിച്ച് ധനവകുപ്പ് ഫയൽ തിരിച്ചയച്ചു. പിന്നീട്, മന്ത്രിസഭ പരിഗണിച്ച ഫയലാവട്ടെ, അംഗീകാരത്തിനായി ധനവകുപ്പിൽ വന്നില്ല. അതിനാൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും കണ്ടിട്ടില്ല.

ഫലത്തിൽ ധനവകുപ്പിന്റെ എതിർപ്പ് പൂർണമായും അവഗണിച്ചായിരുന്നു പദ്ധതിക്കുള്ള മന്ത്രിസഭാനുമതി. ഇപ്പോൾ അഴിമതിയുടെ നിഴലിൽനിൽക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്നു വ്യക്തമാക്കുന്നതാണ് ധനവകുപ്പിന്റെ മുന്നറിയിപ്പുകളോടുള്ള ഈ അവഗണന.

ഫയൽ അനുമതിക്കായി ആദ്യം വന്നപ്പോൾത്തന്നെ പദ്ധതിയുടെ സാമ്പത്തികമാതൃകയിൽ ധനവകുപ്പ് അവ്യക്തത ചൂണ്ടിക്കാണിച്ചിരുന്നു. കരാറുകാരെ സുതാര്യമായി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ഫയൽ രണ്ടാമതും വന്നപ്പോൾ, മോട്ടോർ വാഹനവകുപ്പ് ബി.ഒ.ഒ.ടി. മാതൃകയുമായി മുന്നോട്ടുപോയതായി ധനവകുപ്പിന് മനസ്സിലായി. ധനവകുപ്പിന്റെ കാഴ്ചപ്പാടിൽനിന്ന് ഭിന്നമായിരുന്നു ഈ മാതൃക. കെൽട്രോണിനു പങ്കാളിത്തമുള്ള പദ്ധതിക്ക് 238.82 കോടി രൂപ ഭരണാനുമതി നൽകിയതായും കണ്ടു. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് അന്തിമാനുമതിക്കുമുമ്പുള്ള ഫയലുകൾ പരിഗണനയ്ക്കായി എത്തിയതെന്ന് ധനവകുപ്പ് വൃത്തങ്ങൾ 'മാതൃഭൂമി'യോടു പറഞ്ഞു.

വാഹനയാത്രികരുടെ സുരക്ഷയ്ക്ക് ഇത്തരമൊരു പദ്ധതി അത്യാവശ്യമായതിനാൽ, പദ്ധതിയുടെ സാമ്പത്തികമാതൃകയിലും സുതാര്യതയിലുമൊക്കെ വീണ്ടും എതിർപ്പുകൾ ഉന്നയിച്ചും തിരുത്തൽ ശുപാർശചെയ്തും ഉദ്യോഗസ്ഥതലത്തിൽത്തന്നെ ഫയലുകൾ തിരിച്ചയക്കുകയായിരുന്നു. പദ്ധതിനിർവഹണത്തിനുമുമ്പ് കൈക്കൊള്ളേണ്ട നടപടികളും ശുപാർശ ചെയ്തു. എന്നാൽ, ഫയൽ പിന്നെ ധനവകുപ്പിൽ തിരിച്ചെത്തിയില്ല.

Tags:    

Similar News