മൂന്നാറില്‍ വീണ്ടും 'പടയപ്പ'യുടെ ആക്രമണം ; പുലര്‍ച്ചെ ടൂറിസ്റ്റുകളുടെ കാറിന് നേരെ പാഞ്ഞടുത്ത് ആക്രമണം

Update: 2024-03-08 06:03 GMT

മൂന്നാറില്‍ വീണ്ടും പടയപ്പയെന്ന് കാട്ടാനയുടെ ആക്രമണം. ടൂറിസ്റ്റുകളുടെ കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തില്‍ കാര്‍ തകര്‍ന്നു. 

മൂന്നാർ ഉദുമൽപേട്ട അന്തർ ദേശീയപാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രാ പ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടക്കുന്നത്. കാട്ടാന പാഞ്ഞടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. അതിനാല്‍ തന്നെ ആളപായമൊന്നുമുണ്ടായില്ല.

എന്നാല്‍ മൂന്നാറില്‍ 'പടയപ്പ'യുടെ ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വനംവകുപ്പിന് തലവേദന കൂടുകയാണ്. ഇങ്ങനെ തുടര്‍ന്നാല്‍ അത് പ്രദേശത്തെ ടൂറിസത്തെ തന്നെ ബാധിക്കുമെന്ന നിലയിലേക്കാണ് ഇപ്പോഴെത്തിയിരിക്കുന്നത്. 

രണ്ടാഴ്ചയില്‍ ഇത് നാലാം തവണയാണ് 'പടയപ്പ'യുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞയാഴ്ച രാജമലയില്‍ തമിഴ് നാട് ബസ് ത‍ടഞ്ഞുനിര്‍ത്തി, ചില്ലുകള്‍ തകര്‍ത്തിരുന്നു. ആളുകള്‍ ബഹളമുണ്ടാക്കിയതോടെയാണ് തിരിച്ച് കാട്ടിലേക്ക് കയറിയത്. 

അതിന് മുമ്പ് നയമക്കാട് തന്നെ ലോറി തടയുകയും ലോറിയിലിടിക്കുകയും ചെയ്തു. ഏറെ നേരം ലോറിക്ക് മുന്നില്‍ ആന നിലയുറപ്പിച്ചിരുന്നു. തോട്ടം തൊഴിലാളികള്‍ ഒന്നിച്ചെത്തി ബഹളം വച്ചതോടെയാണ് അന്ന് തിരിച്ച് കാട്ടില്‍ കയറിയത്.  'പടയപ്പ' മദപ്പാടിലാണെന്നാണ് വനംവകുപ്പില്‍ നിന്നുള്ള വിവരം. മൂന്നാറില്‍ ഓട്ടോ ഡ്രൈവറുടെ മരണത്തിന് ഇടയായ കാട്ടാന ആക്രമണത്തിലും 'പടയപ്പ'യാണോ പ്രതിയെന്ന് സംശയിക്കുന്നുണ്ട്. 

Tags:    

Similar News