ട്രെയിനിൽ ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തു; ടിടിഇയ്ക്ക് മർദനം, മൂക്കിന് ഇടിച്ചു

Update: 2024-05-13 05:03 GMT

ട്രെയിനിനുള്ളിൽ വീണ്ടും ടിടിഇയ്ക്ക് മർദനം. ഷൊർണൂർ വച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് മർദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മംഗലാപുരം - തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിലെ ടിടിഇയാണ് വിക്രം കുമാർ മീണ. ഇന്നലെ രാത്രിയിൽ ട്രെയിൻ തിരൂർ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാർട്ടുമെൻറിൽ യാത്ര ചെയ്യുന്നത് ഇദ്ദേഹം ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രതി തർക്കത്തിന് വന്നുവെന്നാണ് സൂചന. ഇതിന് പിന്നാലെ തൻറെ മൂക്കിന് ശക്തിയായി ഇടിക്കുകയായിരുന്നുവെന്ന് വിക്രം കുമാർ മീണ പറയുന്നു. നിലവിൽ ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ് വിക്രം കുമാർ മീണ.

Tags:    

Similar News