നേരത്തെ അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ അപേക്ഷ നല്‍കി. ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി അനുവദിച്ചിരുന്നത്. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായിട്ടാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. എന്നാല്‍ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടി എം ആര്‍ അജിത് കുമാര്‍ ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കി.
മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്തുണ്ടായ കൂട്ട നടപടിക്കു പിന്നാലെയാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചത്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും, എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയതും ഏറെ വിവാദമായിരുന്നു. എഡിജിപി അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നായിരുന്നു അന്‍വര്‍ ആരോപിച്ചത്.
എം ആര്‍ അജിത് കുമാര്‍ അവധിയില്‍ പോകുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും, പൊളിറ്റിക്കല്‍ സെക്രട്ടറിയെ ലക്ഷ്യമിട്ട് അന്‍വര്‍ പറഞ്ഞിരുന്നു. അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ പരോക്ഷമായി സിപിഐയും വിമര്‍ശിച്ചിരുന്നു.