പല കുട്ടികളെയും പ്രതികൾ ലക്ഷ്യമിട്ടു; കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി
ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ എല്ലാവരും അറസ്റ്റിലായതായി എഡിജിപി അജിത്കുമാർ മാധ്യമങ്ങളോട്. വളരെ കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒന്നരമാസമായി ഇവർ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു കുടുംബം മുഴുവൻ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
'ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന ആളാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു. വളരെയധികം കടമുണ്ടായിരുന്നു. ഒരുവർഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു' എം.ആർ.അജിത് കുമാർ പറഞ്ഞു.
'ചുറ്റുമുള്ള പലരും ഇത്തരത്തിൽ പൈസയുണ്ടാക്കുന്നത് കണ്ടതിന്റെയും ദൃശ്യമാധ്യമങ്ങളുടെയും അടിസ്ഥാനത്തിലാണു കൃത്യം ചെയ്തതെന്നാണ് പത്മകുമാർ പറഞ്ഞത്. ഒരുവർഷം മുൻപു തന്നെ പദ്ധതി ഇട്ടിരുന്നു. ആദ്യത്തെ നമ്പർ പ്ലേറ്റ് ഒരുവർഷം മുൻപാണ് ഉണ്ടാക്കിയത്. രണ്ടാമത്തെ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് അടുത്തകാലത്താണ്. ഇടയ്ക്കു വച്ചു പദ്ധതി നിർത്തിവച്ചു. പിന്നീട് വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. സ്ഥിരമായി കാറുമെടുത്ത് പല സ്ഥലങ്ങളിലും പോയി തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഹാൻഡിൽ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു കുട്ടിയെയായിരുന്നു അവർക്ക് ആവശ്യം. ഈ കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് പോകുന്നത് നിരീക്ഷിച്ചു. അത്തരത്തിൽ പലതവണ ഇവിടെ എത്തിയിരുന്നു. ഈ സംഭവത്തിൽ കുട്ടിയുടെ ചേട്ടനാണ് യഥാർത്ഥ ഹീറോ. കുട്ടിയിൽ നിന്ന് പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഉണ്ടായത്. കുട്ടിയോട് അച്ഛന്റെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.
പ്രതികളുടെ വീടുകളിൽ കുട്ടിയെ എത്തിച്ചു. തുടർന്ന് കുട്ടിയുടെ അമ്മയുടെ നമ്പർ മനസിലാക്കി. പിന്നെ പാരിപ്പള്ളിയിൽ പോയി കടയുടമയിൽ നിന്ന് ഫോൺ വാങ്ങി വിളിച്ചു. പിന്നെയാണ് കേസ് ഇത്രയും മാധ്യമശ്രദ്ധ നേടിയെന്ന് ഇവർ മനസിലാക്കിയത്. ആശ്രാമം മൈതാനത്ത് കുട്ടിയെ ഓട്ടോയിൽ എത്തിച്ചത് അനിതാകുമാരിയാണ്. അനിതകുമാരിക്ക് ഈ പരിസരം അറിയാം. പദ്മകുമാർ മറ്റൊരു ഓട്ടോ പിടിച്ച് പിന്നാലെ വന്നു. കോളേജ് കുട്ടികൾ കുട്ടിയെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം ഇരുവരും ഓട്ടോ പിടിച്ച് പോകുകയാണുണ്ടായത്.' അജിത് കുമാർ വിശദീകരിച്ചു.