പഴയതിനേ അപേക്ഷിച്ച് സിനിമയിലെ മനുഷ്യർ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു: നടൻ അശോകൻ

Update: 2024-01-01 10:23 GMT

2023 എന്നെ സംബന്ധിച്ച് നല്ലൊരു വർഷമായിരുന്നു. ഒരുപാട് സിനിമകൾ ചെയ്യാൻ സാധിച്ചില്ല എങ്കിലും ചെയ്തസിനിമകളെല്ലാം എന്നെസംബന്ധിച്ച് ഏറെപ്രശംസ നേടിത്തന്നവയായിരുന്നുവെന്ന് നടൻ അശോകൻ.  ഗ്രാമീണപശ്ചാത്തലത്തിൽ ഹാസ്യത്തിൽ ചാലിച്ച രസകരമായ കഥയുമായി ‘പേരില്ലൂർ പ്രീമിയർ ലീഗ്’ ഈ പുതുവർഷത്തിൽ ഹോട്ട് സ്റ്റാറിലൂടെ പ്രദർശനത്തിനെത്തുമ്പോൾ അതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു നടൻ.

നാട്ടിൻപുറത്ത് നടക്കുന്ന കഥയാണ് സിനിമപറയുന്നത്. മലയാളികൾക്കെല്ലാം കണക്ട് ചെയ്യാൻപറ്റുന്ന ഒരുപിടി സംഭവങ്ങൾ പേരില്ലൂർ പ്രീമിയർ ലീഗിന്റെ കഥാവഴിയിൽ കടന്നുവരുന്നുണ്ട്. ഒരു പൊളിറ്റിക്കൽ സറ്റയർ എന്നൊക്കെ സീരീസിനെ വിശേഷിപ്പിക്കാം. കേമൻ സോമൻ എന്ന ലോക്കൽ രാഷ്ട്രീയനേതാവിന്റെ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നൊരാൾ.

തോറ്റാലും ജയിച്ചു എന്നരീതിയിൽ കോൺഫിഡന്റായി നടക്കും. അങ്ങനെ ഒട്ടേറെ പ്രത്യേകതയുള്ള രസകരമായൊരു കഥാപാത്രം. വളരെ ആസ്വദിച്ചാണ് ഞാൻ സോമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അല്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് സോമൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. നിഖില വിമൽ, സണ്ണി വെയ്ൻ, വിജയരാഘവൻ, അജു വർഗീസ് തുടങ്ങി മികച്ചൊരു താരനിരതന്നെ ഈ സീരീസിലുണ്ട്. മലയാളി പ്രേക്ഷകർക്ക്‌ മികച്ചൊരു പുതുവത്സരസമ്മാനമായി പേരില്ലൂർ പ്രീമിയർ ലീഗ് മാറുമെന്നാണ് എന്റെ പ്രതീക്ഷ. ഇതിന് തൊട്ടുമുൻപ് അഭിനയിച്ച മാസ്റ്റർപീസ് എന്ന വെബ്സീരീസ് നല്ലരീതിയിൽതന്നെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.

2023 എന്നെസംബന്ധിച്ച് നല്ലൊരു വർഷമായിരുന്നു. ഒരുപാട് സിനിമകൾ ചെയ്യാൻ സാധിച്ചില്ല എങ്കിലും ചെയ്തസിനിമകളെല്ലാം എന്നെസംബന്ധിച്ച് ഏറെപ്രശംസ നേടിത്തന്നവയായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത നൻപകൽ നേരത്ത് മയക്കത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തിനൊപ്പം നിൽക്കുന്ന ശക്തമായൊരു മുഴുനീള കഥാപാത്രം ചെയ്യാനായി. ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു. എന്നും അഭിമാനിക്കാവുന്ന ഒരുസിനിമയും കഥാപാത്രവുമാണത്.

പിന്നാലെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പിലുള്ളൊരു പിതാവിന്റെ കഥാപാത്രം ചെയ്യാനായി. എന്നാൽ പ്രതീക്ഷിച്ച രീതിയിലുള്ള പ്രധാന്യമോ പ്രമോഷനോ ആ കഥാപാത്രത്തിന് കിട്ടിയില്ല എന്നൊരു വിഷമമുണ്ട്. അതിനുശേഷം മാസ്റ്റർപീസ് എന്ന വെബ്സീരീസ് ചെയ്തു. അതിലെ കുര്യാച്ചൻ എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചു. കിഷ്‌കിന്ധാ കാണ്ഡം, ജയ് ഗണേഷ്, ജമാലിന്റെ പുഞ്ചിരി, പാലും പഴവും തുടങ്ങി 2024-ൽ പ്രതീക്ഷ നൽകുന്ന ഒരുപിടി പ്രോജക്ടുകളുണ്ട്.

സിനിമയുടെ ടെക്നോളജിയിലും അവതരണത്തിലും ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ സാധിക്കുന്നു എന്നതിൽ സന്തോഷമുണ്ട്. ഞാനിപ്പോൾ അഭിനയിക്കുന്ന ഭൂരിഭാഗം സിനിമകളും നവാഗതരായ സംവിധായകർക്കൊപ്പമാണ്. ഏറ്റവും പുതിയ ടെക്നോളജിയിലും രീതിയിലും സിനിമയെ സമീപിക്കുന്നവരാണ് അവരെല്ലാം. ആ സിനിമകളിലും നല്ല കഥാപാത്രമാകാൻ സാധിക്കുന്നു എന്നതൊരു ഭാഗ്യമാണ്.

പഴയതിനെ അപേക്ഷിച്ച് സിനിമ നിർമിക്കുക എന്നത് ഇന്ന് കുറേക്കൂടി എളുപ്പമായിട്ടുണ്ട്. അത് ടെക്നോളജിയുടെ വളർച്ചകൊണ്ട് സാധ്യമായതാണ്. പലതരം ക്യാമറകളും മറ്റുപകരണങ്ങളുമെല്ലാം ലഭ്യമായതിനാൽ ഇന്ന് ഏത് ബജറ്റിലും സിനിമയെടുക്കാം എന്നരീതിയിലേക്ക് കാര്യംമാറി. അതൊക്കെ നല്ലതാണ്. മാറ്റങ്ങൾകൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇന്ന് പഴയതിനേ അപേക്ഷിച്ച് സിനിമയിലെ മനുഷ്യർ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു.

കാരണം കാരവാൻപോലുള്ള സൗകര്യങ്ങൾ വന്നതോടെ ഇടവേളകളിൽ ഒന്നിച്ചിരുന്നുള്ള സംസാരവും മറ്റും ഇല്ലാതായി. സീൻ കഴിഞ്ഞാൽ ആൾക്കാർ കാരവാനിൽ പോയി ഇരിക്കുന്ന രീതിയിലേക്ക് കാര്യം മാറി. അതേസമയം കാരവാൻ വന്നതോടെ മറ്റൊരു ഗുണമുണ്ടായി, ഔട്ട്ഡോർ ഷൂട്ടിങ് സ്ഥലങ്ങളിൽ നമ്മുടെ സ്വകാര്യ ആവശ്യങ്ങൾ നിർവഹിക്കാൻ അതൊരു മികച്ച സൗകര്യമായി മാറി.

Tags:    

Similar News