വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; ഡോക്ടറടക്കം പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Update: 2023-09-07 06:37 GMT

പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്‌സ്) കുടുങ്ങിയ കേസിൽ പ്രതികളായ ആരോഗ്യപ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ഡോ. സി.കെ രമേശൻ, നഴ്‌സുമാരായ എം. രഹന, കെ.ജി മഞ്ജു എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ ചെയ്ത സംഘത്തിലെ മൂന്നുപേരാണിവർ.

ഇവരുടെ മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടാം പ്രതിയായ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഷഹന ആരോഗ്യകാരണങ്ങൾ പറഞ്ഞ് എത്തിയില്ല. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. നാലുപേർക്കും സംഭവിച്ച അബദ്ധം മൂലമാണ് ഹർഷിനയുടെ വയറ്റിൽ കത്രികകുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കേസിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിന വീണ്ടും സമരത്തിനൊരുങ്ങുകയാണ്. ഈ മാസം 13ന് സെക്ര?ട്ടേറിയറ്റിന് മുന്നിൽ ഏകദിന സത്യഗ്രഹം നടത്താനാണ് തീരുമാനം.

Tags:    

Similar News