കോവളത്ത് 4 വയസുകാരന്റെ മരണം, ബൈക്ക് റേസിങ്ങിനിടെ ; യുവാവ് അറസ്റ്റില്‍

Update: 2023-04-16 03:16 GMT

കോവളം ബൈപ്പാസിലെ അപകടത്തിൽ നാലു വയസുകാരൻ മരിച്ചത് ബൈക്ക് റേസിനിടെയെന്ന് പൊലീസ്. അമ്മയ്ക്കൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ ബൈക്കോടിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. അപകടം നടന്ന് 15 ദിവസങ്ങൾക്കു ശേഷമാണ് പ്രതിയെ പിടികൂടുന്നത്. അമ്മയ്ക്കൊപ്പം കളിപ്പാട്ടം വാങ്ങി വീട്ടി‌‌ലേക്ക് മടങ്ങുമ്പോഴാണ് കുഞ്ഞിനെ ബൈക്കിടിച്ചത്.

മാർച്ച് 30ന് രാത്രി കോവളം ബൈപ്പാസിലെ പോറോട് പാലത്തിന് അടത്തുവച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുമ്പോഴാണ് കോവളം സ്വദേശി അഞ്ജുവിനെയും മകൻ യുവാനെയും ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് പരുക്കേറ്റ യുവാൻ മരിച്ചു. അമിത വേഗത്തിലെത്തി അപകടം വരുത്തി നിർത്താതെ പോയ ബൈക്ക് കണിയാപുരം സ്വദേശി മുഹമ്മദ് ആഷിക്കിന്റെതാണെന്ന് വിശദമായ പരിശോധനയിൽ പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും വർക്ക്ഷോപ്പുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ബൈക്കിന്റെ ഉടമയെ കണ്ടെത്തിയത്.

കരമനയിലെ വർക്ക്ഷോപ്പിൽ നിന്ന് കഴിഞ്ഞ ദിവസം ബൈക്ക് കണ്ടെത്തിയിരുന്നു. റേസിങ്ങിനായി യുവാവ് ബൈപ്പാസിൽ ബൈക്കുമായി എത്തുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുകയും ചെയ്തു.

Tags:    

Similar News