സാമ്പത്തിക പരാധീനതയുടെ പേരില്‍ ഗര്‍ഭഛിദ്രം അനുവദിക്കാനാവില്ല: ഹൈക്കോടതി

Update: 2022-11-08 10:35 GMT

സാമ്പത്തികമായ പിന്നാക്കാവസ്ഥയോ സമൂഹത്തില്‍ അപമാനിക്കപ്പെടുമെന്ന ഭയമോ ഗര്‍ഭഛിദ്രം അനുവദിക്കുന്നതിനു നിയമപരമായ കാരണമായി കാണാനാവില്ലെന്നു ഹൈക്കോടതി. ഇത്തരം കാരണങ്ങളുടെ പേരില്‍ ഗര്‍ഭഛിദ്ര നിയമത്തിലെ വ്യവസ്ഥകള്‍ മറികടന്ന് കോടതികള്‍ക്ക് ഉത്തരവിടാനാവില്ലെന്നും ജസ്റ്റിസ് വിജി അരുണ്‍ വ്യക്തമാക്കി.

കുഞ്ഞിനോ അമ്മയ്ക്കോ ദോഷകരമാകുമെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായമല്ലാതെ മറ്റു കാരണങ്ങളുടെ പേരില്‍ നിശ്ചിത സമയ പരിധി കഴിഞ്ഞുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി നല്‍കാനാവില്ല. സാമ്പത്തികമായ പിന്നാക്കാവസ്ഥയോ സമൂഹത്തില്‍ അപമാനിക്കപ്പെടുമെന്ന ഭയമോ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്നതിനുള്ള കാരണങ്ങളല്ല- കോടതി വ്യക്തമാക്കി.

ഇരുപത്തിയെട്ട് ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി തേടി അവിവാഹിത നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് ഗര്‍ഭിണിയായതെന്നും എന്നാല്‍ പങ്കാളി സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയതായും യുവതി ഹര്‍ജിയില്‍ പറഞ്ഞു. കുടുംബം സാമ്പത്തികമായി പരാധീനതയിലാണെന്നും അവിവാഹിതയായി കുഞ്ഞു ജനിച്ചാല്‍ സമൂഹത്തില്‍ അപമാനിക്കപ്പെടുമെന്നും യുവതി പറഞ്ഞു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമ പ്രകാരം ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു പ്രശ്നമില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടാണ് കോടതി പ്രധാനമായും കണക്കിലെടുത്തത്.

 

Similar News