അഭിമന്യു കേസിൽ രേഖകൾ ഹാജരാക്കി പ്രോസിക്യൂഷൻ. കോടതിയിൽ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകർപ്പാണ് ഹാജരാക്കിയത്. രേഖകൾ പുനസൃഷ്ടിക്കുന്നതിൽ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ എതിർപ്പ് അറിയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രേഖകളുടെ അധികാരികതയിൽ സംശയമുണ്ടെങ്കിൽ കോടതിയിൽ നിന്ന് നേരത്തെ കൈപ്പറ്റിയ കോപ്പിയുമായി ഒത്തു നോക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.
2018 ജൂൺ 1 നാണ് മഹാരാജസ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. മുഖ്യപ്രതിയെ പിടികൂടാൻ ഏറെ വൈകിയ കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകൾ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിൻറെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കോടതിയിൽ നിന്നും രേഖകൾ കാണാതായതിൽ അന്വേഷണം വേണമെന്നും അഭിമന്യുവിൻറെ സഹോദരൻ പരിജിത്ത് ആവശ്യപ്പെട്ടിരുന്നു.