പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി ; പുലിയെ പറമ്പിക്കുളത്തേക്ക് കൊണ്ട് പോകും
പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട നാട്ടുകാരുടെ കാത്തിരിപ്പിനൊടുവില്‍ വെറ്ററിനറി സര്‍ജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കുകയാണ് ചെയ്തത്.
വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പുലി കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തിരിച്ചിറങ്ങാൻ പറ്റാത്തവിധം കുടുങ്ങിപ്പോയിരുന്നെങ്കിലും നന്നായൊന്ന് കുതറിയാല്‍ ഒരുപക്ഷേ കുരുക്കില്‍ നിന്ന് പുറത്തുവരാൻ പുലിക്ക് കഴിയുമായിരുന്നു. അങ്ങനെയങ്കില്‍ അത് വൻ അപകടത്തിലേക്ക് വഴിവച്ചേനെ.
ഇതിന് മുമ്പായി പുലിയെ മയക്കുവെടി വച്ച് പിടികൂടുക എന്നതായിരുന്നു പോംവഴി. അതനുസരിച്ച് വനം വകുപ്പ് മുന്നിട്ടിറങ്ങി കാര്യങ്ങള്‍ നടത്തുകയായിരുന്നു. ഒടുവില്‍ പുലിയെ കൂട്ടിലാക്കിയതോടെ നാട്ടുകാര്‍ ആശ്വാസത്തിലായി. എങ്കിലും പ്രദേശത്ത് വന്യമൃഗങ്ങള്‍ ഇങ്ങനെ സ്വൈര്യവിഹാരം നടത്തുന്നുവെന്നത് ഏവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. രണ്ട് വര്‍ഷമായി നാട്ടില്‍ പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്. ഇതിന് ഇനിയെങ്കിലുമൊരു പരിഹാരം ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഏതാണ്ട് നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് വേലിയില്‍ കുടുങ്ങിയത്. രക്ഷപ്പെടുത്തിയ പുലിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ഇനി അഞ്ച് മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിലായിരിക്കും പുലി. അതിന് ശേഷം പറമ്പിക്കുളത്തേക്ക് കൊണ്ടുപോകാനാണ് തീരുമാനം.