'തൃശൂരിനൊരു കേന്ദ്ര മന്ത്രി, മോദിയുടെ ഗ്യാരണ്ടി'; തൃശൂരിൽ ചുവരെഴുത്ത് തുടങ്ങി ബിജെപി

Update: 2024-02-14 13:24 GMT

കേന്ദ്ര മന്ത്രി വാഗ്ദാനവുമായി തൃശൂരിൽ ബിജെപി പ്രവര്‍ത്തകരുടെ ചുവരെഴുത്ത്. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മണലൂര്‍ നിയമസഭ മണ്ഡലത്തിലെ വിവിധയിടങ്ങളിലാണ് ചുവരെഴുത്ത്. തൃശൂരില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് ഏതാണ്ട് ഉറപ്പായതിന് പിന്നാലെയാണ് ചുവരെഴുത്തുകളുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയത്. തൃശൂരിനൊരു കേന്ദ്ര മന്ത്രി, മോദിയുടെ ഗ്യാരണ്ടി എന്നിങ്ങനെയാണ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ സുരേഷ് ഗോപിയുടെ പേര് ചുവരെഴുത്തുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

തൃശൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ കേന്ദ്ര മന്ത്രിയാക്കുമെന്ന വാഗ്ദാനം ചുവരെഴുത്തുകളിലൂടെ പറയാതെ പറയുകയാണ് ബിജെപി പ്രവര്‍ത്തകര്‍. തൃശൂരില്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിച്ചുകൊണ്ട് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടതിന് പിന്നാലെയാണിപ്പോള്‍ ചുവരെഴുത്ത് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. എന്തായാലും ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ ഇത്തവണ പോരാട്ടം കനക്കും.

ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ ലോക്സഭ മണ്ഡലത്തിലെ മതിലുകളില്‍ താമര ചിന്ഹനം വരച്ചുകൊണ്ടാണ് ബിജെപി ചുവരെഴുത്ത് പ്രചാരണത്തിന് തുടക്കമിട്ടത്. സുരേഷ് ഗോപിയാണ് ചുവരെഴുത്ത് പ്രചാരണം ഉദ്ഘാടനം ചെയ്തത്. ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രം വരച്ചുകൊണ്ടായിരുന്നു പ്രചാരണ പരിപാടി ആരംഭിച്ചത്. കണിമംഗലം വലിയാലുക്കലിലാണ് ഉദ്ഘാടനം നടന്നത്. രാജ്യമൊട്ടാകെ താമര തരംഗമാകും, അത് തൃശൂരിലും ഉണ്ടാകും. രാജ്യത്തിന്‍റെ വിശ്വാസം കേരളത്തിന്‍റെ കൂടി വിശ്വാസം ആയി മാറിയാല്‍ കേരളത്തിനും അതിന്‍റെ പങ്കുപറ്റാനാകുമെന്നും അതിന്‍റെ ഗുണമുണ്ടാകുമെന്നുമായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.

Tags:    

Similar News