മുട്ടിൽ മരംമുറി കേസ്; അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്ത് നിന്ന് മാറ്റണെമെന്ന ആവശ്യം, തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തൽ
മുട്ടിൽ മരംമുറിക്കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ഡിവൈഎസ്പി വി.വി.ബെന്നിയുടെ ആവശ്യം കേസ് അന്വേഷണത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. കേസിൽ അഗസ്റ്റിൻ സഹോദരന്മാരെ അറസ്റ്റു ചെയ്യുകയും നിർണായക തെളിവുകൾ ശേഖരിക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനാണ്, ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത്.
മരങ്ങളുടെ കാലപ്പഴക്കം നിർണയിക്കാൻ ഡിഎൻഎ പരിശോധന അടക്കം പൂർത്തിയാക്കി, കുറ്റപത്രം നൽകുന്നതിലേക്ക് കടക്കുമ്പോഴാണ് വി.വി.ബെന്നിയുടെ പിൻവാങ്ങൽ. താനൂർ കസ്റ്റഡി കൊലക്കേസുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങൾ ബെന്നിയ സമ്മർദത്തിലാക്കിയെന്നാണ് വിവരം. ഇതേ തുടർന്നാണ് മുട്ടിൽ മരംമുറിക്കേസിൻ്റെ ചുമതലയിൽ നിന്ന് ഒഴിവാക്കിത്തരണം എന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചത്.
നേരത്തെ സുൽത്താൻ ബത്തേരി ഡിവൈഎസ്പി ആയിരുന്നപ്പോഴാണ് ബെന്നി പ്രത്യേക അന്വേഷണ സംഘത്തിലേക്ക് വരുന്നത്. പ്രത്യേക സംഘം രൂപീകരിച്ചപ്പോൾ, എഡിജിപി എസ്.ശ്രീജിത്തിനായിരുന്നു ചുമതല. സംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച്, വിജിലൻസ് ഉദ്യോഗസ്ഥരിൽ പലർക്കും ഇതിനിടെ സ്ഥലംമാറ്റമുണ്ടായി. ഡിവൈഎസ്പിയായിരുന്ന ബെന്നിയെ താനൂരിലേക്ക് മാറ്റുകയും ചെയ്തു.അന്വേഷണം നിലയ്ക്കുമെന്ന അവസ്ഥ വന്നപ്പോഴാണ്, പ്രത്യേക ഉത്തരവിറക്കി ഡിജിപി ബെന്നിയെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയത്.
മുട്ടിൽ മരംമുറിക്കേസിന്റ അന്വേഷണ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് താനൂർ ഡിവൈഎസ്പി വി.വി.ബെന്നി കഴിഞ്ഞ ദിവസമാണ് ഡിജിപിക്ക് കത്ത് നൽകിയത്. കേസിലെ പ്രതികള്‍ വ്യാജ വാർത്തകള്‍ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് കത്തിൽ ബെന്നി പറയുന്നത്. മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ അറസ്റ്റ് ചെയ്യതത് ബെന്നിയായിരുന്നു.അതേസമയം ബെന്നിയുടെ കത്തിൽ ഡിജിപി ഇതുവരെയും തീരുമാനം എടുത്തിട്ടില്ല