മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ് ; മുൻകൂർ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയിൽ

Update: 2023-12-29 10:16 GMT

ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഐപിസി 354 പ്രകാരമുള്ള സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഗുരുതര വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ, അറസ്റ്റ് മുന്നിൽ കണ്ടാണ് സുരേഷ് ഗോപി അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചത്.

കരുവന്നൂരിൽ പ്രതിഷേധ ജാഥ നയിച്ചതിൻ്റെ പ്രതികാരം എന്നടക്കം നിരവധി ആരോപണങ്ങൾ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ഉന്നയിച്ചിട്ടുണ്ട്. കൂടാതെ, മാധ്യമങ്ങളെ കണ്ട ശേഷം പോകാനൊരുങ്ങിയ തന്നെ മാധ്യമപ്രവർത്തക തടഞ്ഞുനിർത്തിയപ്പോൾ തട്ടിമാറ്റിയതാണെന്നും സുരേഷ് ഗോപി പറയുന്നു. ജനുവരിയിൽ മകളുടെ വിവാഹമാണെന്നിരിക്കെ ചോദ്യം ചെയ്യലടക്കമുള്ള നടപടികളുമായി അന്വേഷണ ഉദ്യോഗസ്ഥർ മുന്നോട്ട് പോകുമോ എന്ന ആശങ്കയും സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്. സർക്കാറിന്റെ നിലപാട് അറിഞ്ഞ ശേഷമാകും കോടതി തുടർനടപടികൾ സ്വീകരിക്കുക. അവധി കഴിഞ്ഞതിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

Tags:    

Similar News