സംസ്ഥാന സർക്കാരിന് തിരിച്ചടി; 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

Update: 2023-08-05 14:51 GMT

ഭൂമി തരംമാറ്റൽ വിഷയവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവ് പുറത്തിറക്കി കേരള ഹൈക്കോടതി. 25 സെന്റ് വരെയുള്ള ഭൂമിക്ക് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ആദ്യ 25 സെന്റ് ഭൂമി സൗജന്യമായി തരം മാറ്റാം. അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂ. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. ഇടുക്കി സ്വദേശി ആണ് സർക്കാർ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്‌തിട്ടില്ലാത്ത ഭൂമി വാങ്ങിയതു 2017നു ശേഷമാണെങ്കിലും 25 സെന്റിന് താഴെയാണെങ്കിൽ തരം മാറ്റാൻ ഫീസ് ഇളവു നൽകണമെന്നു ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണു സർക്കാർ അപ്പീൽ നൽകിയത്.

25 സെന്റിന് താഴെയാണെങ്കിലും 2017നു ശേഷം വാങ്ങിയതാണെങ്കിൽ ഫീസിളവ് നൽകാനാകില്ലെന്ന റവന്യു അധികൃതരുടെ നിലപാടിനെതിരെ പാലക്കാട് സ്വദേശികളായ യു.സുമേഷ്, യു.സുധീഷ്, സരേഷ് ശങ്കർ എന്നിവർ നൽകിയ ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. നിലമെന്ന് വിജ്ഞാപനം ചെയ്തിട്ടില്ലാത്ത 25 സെന്റിൽ താഴെയുള്ള ഭൂമി തരം മാറ്റാൻ ഫീസ് നൽകേണ്ടെന്ന് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പറയുന്നുണ്ട്. ഇതനുസരിച്ചാണ് ഹർജിക്കാർ ഭൂമി തരം മാറ്റാൻ ഫീസിളവിന് അപേക്ഷ നൽകിയത്.

Tags:    

Similar News