എഴുപതാമത് നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടന്

Update: 2024-09-28 12:30 GMT

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാരിച്ചാൽ ചുണ്ടൻ. തുടർച്ചയായി അഞ്ചാം വര്‍ഷവും പൊൻ കിരീടം സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ചരിത്രമെഴുതി ചേര്‍ക്കുന്നതിനും പുന്നമട സാക്ഷിയായി. ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്നത്. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വൈകിട്ട് 3.24ഓടെയാണ് ഏവരും ആവേശത്തോടെ കാത്തിരുന്ന ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചത്. വൈകിട്ടാണ് ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനൽ മത്സരം ആരംഭിച്ചത്. അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരച്ചത്. ഹീറ്റ്സ് മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്ത നാലു ടീമുകളാണ് ഫൈനലിന് യോഗ്യത നേടിയത്. കാരിച്ചാൽ (4:14:35),വിയപുരം (4:22:58), നിരണം (4:23:00),നടുഭാഗം (4:23:31) എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്.

ഹീറ്റ്സ് ഒന്നിൽ പായിപ്പാടൻ നമ്പര്‍ 2, ആലപ്പാടൻ, ആയാപ്പറമ്പ്, ആനാരി എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചു. രണ്ടാം ഹീറ്റ്സിൽ ശ്രീവിനായകൻ, ചമ്പക്കുളം, സെന്‍റ് ജോര്‍ജ്, ജവഹര്‍ തായങ്കരി എന്നീ ചുണ്ടൻ വള്ളങ്ങളും മത്സരിച്ചു. ഹീറ്റ്സ് മൂന്നിൽ ചെറുതന, തലവടി, സെന്‍റ് പയസ് ടെന്‍ത്, പായിപ്പാടൻ ചുണ്ടനുകളും ഹീറ്റ്സ് നാലിൽ നിരണം, വിയപുരം, നടുഭാഗം, കരുവാറ്റ ചുണ്ടനുകളും ഹീറ്റ്സ് അഞ്ചിൽ വലിയ ദിവാൻജി, മേല്‍പ്പാടം, കാരിച്ചാല്‍ ചുണ്ടനുകളും മത്സരിച്ചു.

വയനാട് ദുരന്തത്തെ തുടർന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളിയാണ് ഒന്നര മാസത്തോളം വൈകി നടത്തിയത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം നടന്നു. ഉച്ചക്കുശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ നടന്നത്. നൂറുകണക്കിനുപേരാണ് വള്ളം കളി മത്സരം കാണാൻ എത്തിയിരിക്കുന്നത്. വിദേശത്തുനിന്നും സംസ്ഥാനത്തുനിന്ന് പുറത്തുനിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Tags:    

Similar News