വിദ്യാര്‍ഥികള്‍ക്ക് 10 കോടിയുടെ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പ് ; വര്‍ക്ക് നിയര്‍ ഹോമിന് 50 കോടി

Update: 2023-02-03 05:57 GMT

വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റില്‍ 50 കോടി രൂപ വകയിരുത്തി. വര്‍ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി പത്തുകോടി രൂപയും വിദ്യാര്‍ഥികള്‍ക്കുള്ള അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പിനായി പത്തുകോടി രൂപയും നീക്കിവെയ്ക്കുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് ലോകമാകെ വിജയകരമായി നടപ്പിലാക്കിയ തൊഴില്‍ സംവിധാനമാണ് വര്‍ക്ക് നിയര്‍ ഹോം. കോവിഡിന് ശേഷവും പുതിയൊരു തൊഴില്‍ സംസ്‌കാരമായി വര്‍ക്ക് നിയര്‍ ഹോം ഉയര്‍ന്നുവരുന്നു. കഴിഞ്ഞ ബജറ്റില്‍ വര്‍ക്ക് നിയര്‍ ഹോം പ്രാദേശിക തലത്തില്‍ ഒരുക്കുന്നതിനായി 50 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാദേശികതലത്തില്‍ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. വര്‍ക്ക് നിയര്‍ ഹോമിന് മൂന്നുതരം സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

1.ഐടി,അനുബന്ധ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് റിമോട്ട് വര്‍ക്കുകള്‍ നല്‍കാന്‍ തയ്യാറുള്ള വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള കേന്ദ്രങ്ങള്‍.

2. വിദൂര ജോലികളിലോ ഗിഗ് വര്‍ക്കിലോ ഏര്‍പ്പെടുന്നവര്‍ക്കുള്ള കേന്ദ്രങ്ങള്‍.

3. കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍

ഇത്തരം സെന്ററുകളുടെ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരും സ്വകാര്യമേഖലയും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് രൂപവത്കരിക്കുന്ന പങ്കാളിത്ത മാതൃകയാകും ഉണ്ടാവുക. പലിശരഹിത വായ്പയായി കിഫ്ബിയില്‍നിന്നുള്ള ഫണ്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കും. നിര്‍മാണം പൂര്‍ത്തിയായി ഒരുവര്‍ഷത്തെ മൊറട്ടോറിയം കാലയളവിന് ശേഷം പത്തുവര്‍ഷം കൊണ്ട് ഈ വായ്പ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചടയ്ക്കണം.

മൂന്നുവര്‍ഷത്തിനുള്ളില്‍ വര്‍ക്ക് നിയര്‍ ഹോം സംവിധാനം വഴി ഒരുലക്ഷം വര്‍ക്ക് സീറ്റുകള്‍ സൃഷ്ടിക്കുന്നതിനായി ആകെ ആയിരം കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഈവര്‍ഷം ഇതിനായി 50 കോടി രൂപ നീക്കിവെയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.

വര്‍ക്ക് ഫ്രം ഹോളിഡേ ഹോം...

വര്‍ക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും നടപ്പാക്കും. വര്‍ക്ക് ഫ്രം ഹോളിഡേ ഹോം എന്ന പദ്ധതി ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും. പ്രാഥമികമായി ഇതിന്റെ തയ്യാറെടുപ്പുകള്‍ക്കായി പത്തുകോടി രൂപ നീക്കിവെച്ചു.

അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പ്...

പ്രതിവര്‍ഷം ലോകത്തിലെ 200 സര്‍വകലാശാലകളില്‍ ഹ്രസ്വകാല ഗവേഷണ അസൈന്‍മെന്റുകള്‍ നേടുന്ന വിദ്യാര്‍ഥികളുടെ യാത്രച്ചെലവുകള്‍ക്കും ജീവിതച്ചെലവുകള്‍ക്കുമായി ഹ്രസ്വകാല ഫെലോഷിപ്പ് ആരംഭിക്കും. ഇതിനായി 10 കോടി രൂപ നീക്കിവെച്ചു.

Similar News