കുമരകം ബോട്ട് ദുരന്തത്തിന് 21 വയസ്

Update: 2023-07-27 01:15 GMT

വേമ്പനാട്ട് കായലിലുണ്ടായ കുമരകം ബോട്ട് ദുരന്തത്തിന് 21 വയസ്. 2002 ജൂലൈ 27ന് മുഹമ്മ–കുമരകം ഫെറിയില്‍ സര്‍വീസ് നടത്തിയ ജലഗതാഗത വകുപ്പിന്റെ എ 53- നമ്പര്‍ ബോട്ട് വേമ്പനാട്ട് കായലില്‍ മുങ്ങി പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനാണ് പൊലിഞ്ഞത്. മുഹമ്മയില്‍ നിന്നും പുലര്‍ച്ചെ കുമരകത്തേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് കുമരകത്തിനടുത്ത് മണല്‍തിട്ടയില്‍ ഇടിച്ചു മുങ്ങുകയായിരുന്നു.

പി എസ് സി പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികളായിരുന്നു കൂടുതല്‍ പേരും. മീന്‍ വില്‍ക്കാന്‍ പോയ മത്സ്യത്തൊഴിലാളി സ്ത്രീകളടക്കമുള്ളവരായിരുന്നു മറ്റു യാത്രക്കാര്‍.ഇതിനു മുമ്പ് മറ്റൊരു ദുരന്തത്തിലും സംഭവിച്ചിട്ടില്ലാത്ത തരത്തില്‍ ഒരു ഗ്രാമത്തിന്റെ ചുറ്റുവട്ടങ്ങളില്‍ നിന്ന് 29 ജീവിതങ്ങളാണ് മരണം കവര്‍ന്നെടുത്തത്. കാലപ്പഴക്കം ചെന്ന ബോട്ടും അനുവദനീയമായതിന്റെ ഇരട്ടി യാത്രക്കാരും അപകടത്തിന്റെ തീവ്രത കൂട്ടി. കുമരകം നിവാസികളും കക്ക-മത്സ്യത്തൊഴിലാളികളും രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാല്‍ മരണസംഖ്യ കുറഞ്ഞു. അപകടത്തില്‍പ്പെട്ട ബോട്ട് വെള്ളക്കേടുള്ളതാണെന്നും കണ്ടം ചെയ്യണമെന്നും ബോട്ട് മാസ്റ്റര്‍ രാജന്‍ നേരത്തെ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നതാണ്.

ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പിനെ കമീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക കമീഷന്‍ നിശ്ചയിച്ചു. എന്നാല്‍ ഈ തുക നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നായിരുന്നു ബന്ധപ്പെട്ടവര്‍ അന്ന് പറഞ്ഞത്.

Tags:    

Similar News