അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി വീണ്ടും തള്ളി

Update: 2023-04-24 09:22 GMT

അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി വീണ്ടും തള്ളി. സ്വകാര്യ വ്യക്തി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നേരത്തെ സംസ്ഥാനത്തിന്‍റെ ഹർജി തള്ളിയതാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം, അരിക്കൊമ്പനെ പിടിച്ച് മാറ്റേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഓൺലൈനായി യോഗം ചേരുകയാണ്. സ്ഥലം തീരുമാനിച്ചാൽ രഹസ്യമായി സർക്കാരിനെയും ഹൈക്കോടതിയെയും അറിയിക്കാനാണ് സാധ്യത.

അതിനിടെ, ഇടുക്കിയിലെ ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കോളനിയിൽ താമസിക്കുന്ന ലീല ചന്ദ്രൻ്റെ വീടിന്‍റെ കതകും ഷെഡും കാട്ടാന തകർത്തു. ഇവർ വീട്ടിലില്ലാതിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ വൈകുന്നേരം ഈ ഭാഗത്ത് ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയുണ്ടായിരുന്നു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയത് എന്നാണ് സംശയിക്കുന്നത്. എന്നാൽ അരിക്കൊമ്പന്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല.

Tags:    

Similar News