പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണം; അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി

Update: 2023-04-15 11:33 GMT

കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ആറ് ആഴ്ചക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ്. ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിസവം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്. ഈ വീഴ്ച തിരിച്ചറിഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

പിന്നീട് പ്രാഥമിക കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ആരോഗ്യ കേന്ദ്രത്തിലെ വീഴ്ചയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് ആരോഗ്യ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ എളമക്കര പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മരുന്ന് മാറി കുത്തിവച്ചതു മൂലം കുഞ്ഞിന് പാര്‍ശ്വ ഫലങ്ങളുണ്ടാവുമോ ഭാവിയിലെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമോയെന്നിങ്ങനെയുള്ള ആശങ്കയിലാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍. അതേസമയം ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും മരുന്നു മാറി നല്‍കിയെന്ന കാര്യം സ്ഥിരീകരിച്ചു. അതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. നിലവിൽ കുഞ്ഞ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Tags:    

Similar News