പി.ടി. സെവന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം എല്‍ എ.

Update: 2023-01-26 14:14 GMT

പരിക്കേറ്റ കാട്ടാന പി.ടി. സെവന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് വ്യക്തമാക്കി കെ.ബി. ഗണേഷ്‌കുമാര്‍ എം എല്‍ എ. അദ്ദേഹം പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ തയ്യാറാണെന്നാണ് എം എല്‍ എ ഗണേഷ്‌കുമാര്‍ അറിയിച്ചിരിക്കുന്നത്. പെല്ലറ്റുകൊണ്ടോ നാടന്‍ ബോംബിലെ ചീളുകള്‍കൊണ്ടോ ആവാം പി.ടി. സെവന് പരിക്കേറ്റതെന്നും കടുത്ത വേദനമൂലമായിരിക്കാം കാട്ടാന ആക്രമണസ്വഭാവം കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പി.ടി സെവന് നേരെയുണ്ടായത് മനുഷ്യത്വമില്ലാത്ത നടപടിയെന്നും അദ്ദേഹം പറഞ്ഞു.

സര്‍വലക്ഷണവും ഒത്ത ആനയായിരിക്കും പി ടി സെവനെന്നും അത് വഴങ്ങും. ഏറ്റവും വിദഗ്ധരായ ഡോക്ടറുടെ അടുത്ത് പരിശോധിച്ച് ചികിത്സ ലഭ്യമാക്കണം. തന്നെക്കൊണ്ട് സാധിക്കുന്ന എന്ത് സഹായവും ചെയ്യും. ഡോക്ടര്‍മാരെ കൊണ്ടുവരാനും ഉപദേശം കൊടുക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ധോണിയില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാനയുടെ ശരീരത്തില്‍ 15ഓളം പെല്ലറ്റുകളാണ് കണ്ടെത്തിയത്. വനംവകുപ്പ് നടത്തിയ ശരീരപരിശോധനയിലാണ് പെല്ലറ്റുകള്‍ കണ്ടെത്തിയത്. സ്ഥിരമായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാം പെല്ലെറ്റുകള്‍ വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ പെല്ലെറ്റുകള്‍ ശരീരത്തില്‍ തറച്ചത് ആന കൂടുതല്‍ അക്രമാസക്തനാകാന്‍ കാരണമായിട്ടുണ്ടാകാമെന്നും വിലയിരുത്തലുണ്ട്.

Tags:    

Similar News