ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കും: ഗവർണർ

Update: 2022-11-09 09:54 GMT

ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്തിന് ചാൻസലറെ മാറ്റുന്നുവെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണം. വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമത്തിന് മുകളിലാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രി സംസാരിക്കുന്നത് ഭീകരവാദിയുടെ ഭാഷയിലാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭീഷണിക്ക് വഴങ്ങില്ല. വെല്ലുവിളിക്കുന്നവർക്ക് മനസ്സിലാകുന്ന ഭാഷയിൽത്തന്നെ തിരിച്ചുപറയും. ഇങ്ങോട്ടു പറയുന്ന അതേ ഭാഷയിൽ മറുപടി നൽകിയാലേ ഇത്തരക്കാർക്ക് മനസ്സിലാകൂ. പ്രത്യാഘാതം ഗുരുതരമായാലും പിന്നോട്ടില്ല. ഒട്ടും ബഹുമാനമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ഗവർണർ ആരോപിച്ചു.

''ഞാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറയുന്നത് ആക്രമിക്കുമെന്ന അര്‍ഥത്തിലാണ്. സംസ്ഥാനത്തിന്റെ മേധാവിയെ ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍പ് യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് പൊലീസ് സ്‌റ്റേഷനിലെ ഡയറി പരിശോധിച്ചാല്‍ അറിയാം' – ഗവർണർ പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഗവർണർ വ്യക്തമാക്കി.

Similar News