സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന ബിൽ ഇന്ന് നിയമസഭ പാസാക്കും; എതിർത്ത് പ്രതിപക്ഷം

Update: 2022-09-01 01:06 GMT

സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന ബിൽ ഇന്നു നിയമ സഭ പാസ്സാക്കും. വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി ചേർത്തു ഗവർണറുടെ നിയമന അധികാരം ഇല്ലാതാക്കുക ആണ് ലക്ഷ്യം. സബ്ജക്ട് കമ്മിറ്റിയിൽ വിയോജിച്ച പ്രതിപക്ഷം സഭയിലും എതിർപ്പ് ആവർത്തിക്കും.

പുതുതായി കമ്മിറ്റിയിൽ ഉൾപെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ കൺവീനർ ആക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ കൺവീനർ എന്ന പദവി ഇല്ല. സമിതിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം.

കേരള സർവ്വകലാശാല വി.സി നിയമനത്തിന് ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയെ മറി കടക്കാൻ പുതിയ ഭേദഗതിക്ക് ഓഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകുന്നുണ്ട്. ഓഗസ്റ്റ് ഏഴിനായിരുന്നു ഗവർണർ കമ്മിറ്റി ഉണ്ടാക്കിയത്. നിയമ സഭ സമ്മേളനം ഇന്നു പൂർത്തിയാകുന്നത്തോടെ ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്നതാണ് ഇനിയുള്ള ആകാംക്ഷ.

അതേസമയം വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാൻ ഉള്ള തീരുമാനം റദ്ദാക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. മുസ്ലീം ലീഗ്, സമസ്ത അടക്കം ഉള്ള സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നിയമനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് അജണ്ടയ്ക്ക് പുറത്തുള്ള ബിൽ ആയി വഖഫ് ബിൽ സഭയിൽ കൊണ്ട് വരാൻ തീരുമാനം എടുത്തത്. പകരം അതാത് സമയത്ത് ഇന്റർവ്യൂ ബോർഡ് ഉണ്ടാക്കി നിയമനത്തിനാണ് നീക്കം.

Similar News