ജീവനുള്ള പാമ്പുകളെ കടത്താൻ ശ്രമം; യുവാവ് പിടിയിൽ

Update: 2024-05-05 04:48 GMT

 ജീവനുള്ള പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ അധികൃതർ പിടികൂടി. അമേരിക്കയിൽ മിയാമിയിലെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രത്യേക ബാഗിൽ പാമ്പുകളെ ഇട്ടശേഷം അരഭാഗത്ത് ഒളിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) ആണ് ഇക്കാര്യം പുറത്തുവിട്ടത്.

പിടിച്ചെടുത്ത പാമ്പുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷമില്ലാത്ത ഇനങ്ങളാണോ കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പാന്റിന്റെ അസാധാരണമായ വലിപ്പവും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിരുന്നു. കുറച്ചുനാൾ മുമ്പ് കാനഡയിൽ നിന്ന് മൂന്ന് ബർമീസ് പെരുമ്പാമ്പുകളെ കടത്താൻ ശ്രമിച്ച അമേരിക്കൻ സ്വദേശിയെ അറസ്റ്റുചെയ്തിരുന്നു. യുഎസ്-കനേഡിയൻ അതിർത്തി വഴി ബസിൽ ആയിരുന്നു ഇയാളുടെ യാത്ര. വളരെ ചെറിയ പാമ്പുകളായിരുന്നു ഇയാൾ കടത്താൻ ശ്രമിച്ചത്.

മനുഷ്യർക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ബർമീസ് പൈത്തണുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങൾ നിരോധിച്ചിട്ടുള്ളതുമാണ്. പിടിയിലായ യുവാവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തിയയാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇരുപതുവർഷം വരെ തടവും കനത്ത പിഴയും ലഭിച്ചേക്കും.

വിഷം ശേഖരിക്കാനായി മയക്കുമരുന്ന് മാഫിയയിൽ പെട്ടവരടക്കം വിഷപാമ്പുകളെ ഒളിപ്പിച്ച് കടത്തുന്നതും പതിവാണ്. കടിയേൽക്കാത്ത രീതിയിൽ പ്രത്യേക കവറിലും ബാഗിലുമാക്കിയശേഷമാണ് ഇവരുടെ കടത്തൽ. പരിശീലനം കിട്ടിയവരായതിനാൽ പിടിക്കപ്പെടുന്നത് വളരെ കുറവാണ്.

Tags:    

Similar News