വ്ളാദിമിർ പുടിൻ - കിം ജോങ് ഉൻ കൂടിക്കാഴ്ച; റഷ്യന്‍ തുറമുഖ നഗരമായ വ്ലാഡിവോസ്ടോകിലെത്തി കിം ജോങ് ഉൻ

Update: 2023-09-12 07:35 GMT

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യൻ സന്ദർശനത്തിനായി റഷ്യന്‍ തുറമുഖ നഗരമായ വ്ലാഡിവോസ്ടോകിലെത്തി. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് കിം ജോങ് ഉൻ റഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നതിനായി എത്തിയത്.റഷ്യൻ തുറമുഖ നഗരമായ വ്ലാഡിവോസ്‌റ്റോക്കിൽ നേതാക്കൾ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും കൂടിക്കാഴ്ചയെ അതീവ ആശങ്കയോടെയാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കാണുന്നത്.അതേസമയം, കിം നേരത്തെ തന്നെ റഷ്യയിലേക്കുള്ള ട്രെയിനിൽ പുറപ്പെട്ടതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച വൈകുന്നേരത്തോടെ ട്രെയിൻ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ നിന്ന് പുറപ്പെട്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിം-പുടിൻ കൂടിക്കാഴ്ച ചൊവ്വാഴ്ച നടന്നേക്കുമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. 2019ലാണ് കിം അവസാനമായി റഷ്യ സന്ദർശിച്ചത്. സാങ്കേതിക വിദ്യക്കും ഭക്ഷ്യ സഹായത്തിനും പകരമായി ഉത്തരകൊറിയയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു കഴിഞ്ഞ മാസം പോങ്ങ്യാങ്ങിലെത്തി റഷ്യക്ക് പീരങ്കികൾ വിൽക്കാൻ ഉത്തരകൊറിയയെ നിർബന്ധിച്ചെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സൺ പറഞ്ഞു.

ഉത്തരകൊറിയയിൽ നിന്ന് പീരങ്കി ഷെല്ലുകളും ടാങ്ക് വിരുദ്ധ മിസൈലുകളും വാങ്ങാനാണ് റഷ്യ ശ്രമിക്കുന്നത്. അതേസമയം, ഉപഗ്രഹങ്ങൾക്കും ആണവ അന്തർവാഹിനികൾക്കുമുള്ള സാങ്കേതികവിദ്യ റഷ്യ വാ​ഗ്ദാനം ചെയ്യുമെന്ന് ഉത്തരകൊറിയ പ്രതീക്ഷിക്കുന്നു. ഉത്തരകൊറിയയിലെ കുട്ടികൾക്കിടയിലെ വിട്ടുമാറാത്ത ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ റഷ്യയുമായി ഭക്ഷണക്കരാർ ഉണ്ടാക്കാനും കിം ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.

Tags:    

Similar News