മോസ്‌കോയിൽ സംഗീത പരിപാടിക്കിടെ ഭീകരാക്രമണത്തിൽ 60പേർ കൊല്ലപ്പെട്ടു, മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് യുഎസ്

Update: 2024-03-23 03:19 GMT

റഷ്യയിലെ മോസ്‌കോ നഗരത്തിൽ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 145ൽ അധികം പേർക്ക് പരിക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്. അതേസമയം ആക്രമണത്തെക്കുറിച്ച് റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമേരിക്ക പറഞ്ഞു. റഷ്യയെയിലെ ഒരു ജനക്കൂട്ടത്തെ ലക്ഷ്യം വയ്ക്കാനുളള ഗൂഢാലോചന നടക്കുന്നതായി ഈ മാസം ആദ്യമാണ് അമേരിക്ക റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നതെന്ന് ദി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.

തോക്കുമായി എത്തിയ അഞ്ചംഗ അക്രമി സംഘം സംഗീതപരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ബോംബ് എറിയുകയും ചെയ്തു. രണ്ട് തവണയുണ്ടായ സ്ഫോടനത്തിൽ വൻ തീപിടുത്തമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. തീപടർന്ന കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഭീകരാക്രമണമാണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തുടർച്ചയായി അഞ്ചാം തവണ പുടിൻ റഷ്യൻ പ്രസിഡന്റായി അധികാരമാറ്റ് ദിവസങ്ങൾക്കുള്ളിലാണ് ആക്രമണം നടന്നത്.

Tags:    

Similar News