ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാനാകില്ല, കാനഡയെ പിന്തുണയ്ക്കുന്നുവെന്ന്: യു.എസ്
ഖലിസ്താന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ പ്രതികരണവുമായി അമേരിക്ക. വിഷയത്തില്‍ ഇന്ത്യയും കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പറഞ്ഞു. കാനഡയുടെ ആരോപണം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും സുള്ളിവന്‍ വ്യക്തമാക്കി.
'ഇക്കാര്യത്തില്‍ ഇതുവരെ നടന്നതോ ഇനി നടക്കാന്‍ പോകുന്നതോ ആയ വ്യക്തിഗത നയതന്ത്ര ചര്‍ച്ചകളിലേക്ക് കടക്കാന്‍ താത്പര്യപ്പെടുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത് ശരിക്കും ആശങ്കയുളവാക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ ഗൗരവമായി എടുക്കുന്നു. ഞങ്ങള്‍ ഇതില്‍ ഇടപെട്ടുകൊണ്ടിരിക്കും. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഇളവുകളൊന്നും നല്‍കാനാകില്ല', സുള്ളിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം വ്യാഴാഴ്ചയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചിരുന്നു. സുരക്ഷാ ഏജന്‍സികളുടെ പക്കലുള്ള വിശ്വാസ്യയോഗ്യമായ തെളിവുകള്‍ മുന്‍നിര്‍ത്തിയാണ് ആരോപണമെന്നും ഇന്ത്യയെ പ്രകോപിപ്പിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.
അതേസമയം, കാനഡയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് ഇന്ത്യ. ഇതുസംബന്ധിച്ച വിഷയത്തില്‍ കാനഡ ഒരു വിവരവും ഇതുവരെ ഔദ്യോഗികമായി അറിച്ചിട്ടില്ലെന്നും കാനഡ കൈമാറുന്ന ഏത് വിവരവും പരിശോധിക്കാന്‍ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിരുന്നു.